തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് പുത്തന്‍ ഉടുപ്പുകളും സ്കുള് ബാഗുകളുമായി സംസ്ഥാനത്തെ സ്കൂളുകളില്‍ കുരുന്നുകള്‍ എത്തി. ഒന്നാംക്ലാസുകളിലേക്ക് പ്രവേശനത്തിനെത്തിയ കുരുന്നുകളെ സ്കൂള്‍ അധികൃതര്‍ മധുരം നല്‍കിയും പൂവുകളും കിരിടവും നല്‍കിയും വരവേറ്റു.
രണ്ടു മാസത്തെ മധ്യവേനലവധിക്കുശേഷമാണ് ഇന്ന് സംസ്ഥാനത്തെ സ്കുളുകള്‍ തുറന്നത്. 42 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെത്തിയത്. ഇതില്‍ മൂന്ന് ലക്ഷം കുട്ടികള്‍ നവാഗതരാണ്.
വീട്ടില്‍ നിന്ന് ആദ്യമായി സ്കൂളുകളിലെത്തിയ കരുന്നുകള്‍ക്ക് ആദ്യം വിഷമം ഉണ്ടായെങ്കിലും അധ്യാപികമാരുടെ സ്നേഹ പരിചരണത്തില്‍ അവരുടെ സങ്കടം അലിഞ്ഞില്ലാതായി.
ലഹരിക്കെതിരെ ശക്തമായ നിലപാട്: മുഖ്യമന്ത്രി
തിരുവനന്തപുരം: അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മില്‍ നല്ല സൗഹൃദം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും അവര്‍ക്ക് കുടുതല്‍ പ്രോത്സാഹനം നല്‍കാനും ഈ സൗഹൃദം വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ പങ്കിട്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ഇത് വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടമാണ്. അറിവുകള്‍ തേടിപ്പിടിക്കണം. എഐയുടെ കാലമാണെന്നും അറിവുകള്‍ ശരിയായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും സമൂഹത്തിന് മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ കുട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി ഉണ്ടായി പെണ്‍കുട്ടികള്‍ ഉന്നതിയിലെത്തി. കേരളത്തില്‍ ലോകോത്തര സ്ഥാപനങ്ങളും സയന്റിഫിക് സെന്ററുകളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് സ്കൂളിലെ സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.മുരളീധരന് മുഖ്യാതിഥിയായി പങ്കെടുത്തു. കോര്പറേഷന് മേയര്‍ അഡ്വ.വിവി.രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് സ്വാഗതം ആശംസിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയെടുത്തു.ആദ്യമായി സ്കുളിലെത്തിയ കുരുന്നുകളെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് ലഡു നല്കി വരവേറ്റു.
ആഴ്ചയിലൊരിക്കൽ കളർ ഡ്രസ് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ ളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കളര്‍ ഡ്രസ് എന്നത് ആകര്‍ഷകമായ ആശയമാണ്. ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
