ഇനി റോഡിലൂടെ ഓടി മടുക്കുമ്പോള്‍ പറന്നുയരാം ആകാശത്തിലേക്ക്; ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പറക്കും കാര്‍ ശ്രദ്ധേയമാവുന്നു

2ആകാശത്തിലൂടെയും വെള്ളത്തിലൂടെയും ഒരു പോലെ സഞ്ചരിക്കുന്ന സീപ്ലെയിനുകള്‍ കണ്ടു പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ മനുഷ്യരില്‍ മറ്റൊരാഗ്രഹം ഉടലെടുത്തു. ആകാശത്തിലൂടെയും ഭൂമിയിലൂടെയും സഞ്ചരിക്കുന്ന ഒരു കാര്‍. അത്തരമൊരു കാര്‍ കണ്ടുപിടിക്കാന്‍ പലരും കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഫലമായി പലരും പരീക്ഷണകാറുകള്‍ പറത്തുകയും ചെയ്തു. എന്നാല്‍ ഒരു നല്ല മോഡല്‍ അവതരിപ്പിക്കാന്‍ ഒരു കമ്പനിയ്ക്കും സാധിച്ചതുമില്ല.

1എന്നാലിപ്പോള്‍ ആധുനീക ലോകത്തെ കണ്ടുപിടിത്തങ്ങളുടെ ആശാന്മാരായ ഗൂഗിള്‍ തന്നെ വേണ്ടി വന്നു മനുഷ്യന്റെ ഈ മോഹത്തിന് നിറം പകരാന്‍.  ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്തുണയോടെ ഫ്ളൈയിങ് കാര്‍ സ്റ്റാര്‍ട്ട് അപ്പായ കിറ്റി ഹോക്കാണ് പുതിയ ഫ്‌ളൈയിംഗ് മെഷീനുമായി എത്തുന്നത്. 2017 അവസാനത്തോടെ പുതിയ പറക്കും കാര്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനത്തിന്റെ പതിപ്പ് ഇതിനോടകം കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഒരാള്‍ക്ക് ഇരുന്ന് പറക്കാവുന്ന വാഹനത്തിന്റെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

ഈ വാഹനം പറത്താന്‍ പൈലറ്റ് ലൈസന്‍സ് വേണ്ടെന്നും രണ്ട് മണിക്കൂര്‍ പരിശീലനം മാത്രം മതിയെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. വലിയൊരു ഡ്രോണിന്റെ ലുക്കുള്ള വാഹനത്തിന് നില്‍ക്കുന്നിടത്തു നിന്ന് പറന്നുയരാനും താഴാനുമാവും. കൂടാതെ 100 കിലോയോളം ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പറക്കലിന്റെ വീഡിയോ പുറത്തു വിട്ടെങ്കിലും വില എത്രയാണെന്ന്് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ടെറാഫ്യൂജിയ, എയ്‌റോമൊബീല്‍ തുടങ്ങിയ കമ്പനികള്‍ പറക്കും കാറിന്റെ പ്രൊട്ടോടൈപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഇത്രത്തോളം മികച്ചതായിരുന്നില്ല.

Related posts