സ്വന്തം ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീല !സിനിമയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീലയും എത്തുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 90കളിലും 2000ന്റെ മധ്യംവരെയും ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച നടിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്.കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. ‘ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്,” സംവിധായകന്‍ ലങ്കേഷ് പറയുന്നു.

തന്റെ ജീവിതത്തെക്കുറിച്ച് ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളും കാഴ്ചപ്പാടുകളുംവരെ ടീം അംഗങ്ങളുമായി പങ്കുവയ്ക്കാന്‍ ഷക്കീല തയ്യാറായെന്നും ലങ്കേഷ് പറയുന്നു.”ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോഴും ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രത്യേകിച്ചും ആര്‍ട്ട് ഡയറക്ഷന്‍ പോലുള്ള കാര്യങ്ങളില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്‌നേഹത്തോടെ അവര്‍ പറഞ്ഞു തന്നു,”ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.

ഷക്കീലയുമായി മുന്‍പും ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഈ ബയോപിക്കിനു വേണ്ടിയുള്ള ഷൂട്ട് വളരെ രസകരമായി തോന്നിയെന്നും ലങ്കേഷ് പറയുന്നു.”2003 ല്‍ എന്റെ ഒരു ചിത്രത്തില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അന്നാണ് അവരുടെ ജീവിതത്തെ കുറിച്ചൊരു സിനിമ ചെയ്യണമെന്നൊരു ആശയം തോന്നിയത്. 2015 ല്‍ ഈ? ആശയത്തെ കുറിച്ച് ഞാനവരോട് സംസാരിക്കുകയും ഈ ഡ്രീം പ്രൊജക്റ്റിന് അവര്‍ സമ്മതം മൂളുകയും ചെയ്തു. ഒരു നടിയാകാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടികളും സ്ത്രീകളും അവരുടെ കഥ കണ്ടിരിക്കണമെന്നെനിക്ക് തോന്നുന്നു. ഒരു നടിയായി മാറാന്‍ ഷക്കീലയ്ക്ക് കടന്നു പോവേണ്ടി വന്ന കഷ്ടപ്പാടുകള്‍ അവരറിയണം. അവര്‍ സ്വന്തമാക്കിയ പേരിനും സമ്പത്തിനുമെല്ലാം പിന്നില്‍ കഷ്ടപ്പാടിന്റേതായൊരു കഥയുണ്ട്,” ലങ്കേഷ് പറയുന്നു.

തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരമായത്. വന്‍മുതല്‍ മുടക്കിലെടുത്ത മുഖ്യധാരാ ചിത്രങ്ങള്‍ പലതും എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ ഷക്കീലാച്ചിത്രങ്ങള്‍ കത്തിക്കയറി. പിന്നീട് മുഖ്യധാര സിനിമയിലേക്ക് മാറിയ ഷക്കീല തമിഴ്,മലയാളം സിനിമകളില്‍ സജീവമാണ് ഇപ്പോള്‍. മോഹന്‍ലാലിനൊപ്പം ‘ഛോട്ടാമുംബൈ’യിലും ഷക്കീല അഭിനയിച്ചിട്ടുണ്ട്. ലോകം ഇതുവരെ അറിയാതെ പോയ ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ തന്നെയാവും ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയെന്ന് സംവിധായകന്‍ പറയുന്നു.

Related posts