ഷിഫ അല്‍ ജസീറ ഉടമ മുഹമ്മദ് റബീഉള്ള എവിടെ ? ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്തിയ റബീയുള്ളയെ ചിലര്‍ ക്ലോറോഫോം മണപ്പിച്ച് ബാംഗളുരുവിലേക്ക് കടത്തിയതായി സൂചന; പിന്നില്‍ ബന്ധുക്കളെന്ന് സുഹൃത്തുക്കള്‍

rabiulla600മലപ്പുറം: ഗള്‍ഫിലെ വ്യവസ്യായ പ്രമുഖനും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായി ഡോ. ഡോ.കെ.ടി മുഹമ്മദ് റബീയുള്ളയുടെ ‘തിരോധാന’ത്തില്‍ പ്രതിക്കൂട്ടിലാകുന്നത് ബന്ധുക്കളോ? ബിസിനസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലാണ് റബീഉള്ളയെന്നാണ് സൂചന. മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശിയാണ് ഡോ.കെ ടി റബീയുള്ള. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങുന്നതാണ് കുടുംബം.ഗള്‍ഫില്‍ സാധാരണ ക്ലിനിക്കില്‍ നിന്നും ആരംഭിച്ച റബീബുള്ള കഠിനാധ്വാനത്തിലാണ് വന്‍ മെഡിക്കല്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.  റബീയുള്ളയുടെ തിരോധാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്ന വാദവും സജീവമാണ്.

ഒമ്പതു മാസമായി റബീയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പോന്നിട്ട്്. എല്ലാ രാജ്യത്തെയും റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞെന്നും ഇതിന്റെയൊക്കെ കാരണക്കാര്‍ ബന്ധുക്കളാണെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നവംബറില്‍ തന്റെ മകന്റെ പത്താം പിറന്നാള്‍ ആഘോഷം ജിദ്ദയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടന്നിരുന്നു. അത് കഴിഞ്ഞ് അന്ന് രാത്രി അദ്ദേഹം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് കരിപ്പുരില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിമാനം ഇറങ്ങിയത്. അന്ന് രാത്രി വളരെ ക്ഷീണിതനായ അദ്ദേഹം വീട്ടിലെത്തി പിന്നീട് ഉറങ്ങുകയായിരുന്നു. എന്നാല്‍ അന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ വീട്ടില്‍ എത്തി. ആരുമറിയാതെ അദ്ദേഹത്തെ ക്ലോറോഫോം മണപ്പിച്ചു ബോധംകെടുത്തി വണ്ടിയില്‍ കെയറ്റി ബംഗളുരുവിലേക്ക് കൊണ്ട് പോയതായി സൂചന ലഭിച്ചതായി മറ്റൊരു സുഹൃത്തു പറയുന്നു.

റബീയുള്ളയെ ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ കര്‍ശനമായ കല്‍പ്പന പ്രകാരം അദ്ദേഹത്തെ അപ്രസോളം എന്ന ശക്തിയേറിയ സെഡേറ്റീവ് കുത്തിവച്ചു മയക്കി കിടത്തി. ഇനി ഇങ്ങനെ ചെയ്താല്‍ അദ്ദേഹം ജീവനോടെ ഉണ്ടാവില്ലെന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചതായും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.  തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ഇയാളെ കോഡൂരിലെ വസതിയിലേക്ക്് മാറ്റുകയായിരുന്നു. അപ്രസോളം ഒരു സ്ലോ പോയ്‌സണ്‍ ആണെന്നു സംശയിക്കുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

പല ബിസിനസ് പാര്‍ട്ണര്‍മാരും അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്കു പോയതാണെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. നാല് പെണ്‍മക്കളും പത്തു വയസ്സ് പ്രായമായ ഒരു മകനാണ് ഉള്ളത്. സൗദി അറേബ്യയിലുള്ള പല ഹോസ്പിറ്റലുകളും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പിടിച്ചെടുത്തു. ഖത്തറിലും കുവൈറ്റിലുമുള്ള ഹോസ്പിറ്റലുകള്‍ക്ക് പുതിയ ചെയര്‍മാന്മാരുമെത്തി. കോടിക്കണക്കിനു ദിര്‍ഹത്തിന്റെ കരാറുകള്‍ പിന്‍വലിച്ചു. അദ്ദേഹത്തിന് പല രാജ്യങ്ങളിലുമായി ഉണ്ടായിരുന്ന റോള്‍സ് റോയ്‌സ് കാറുകള്‍ വിറ്റു. അദ്ദേഹം ദത്തെടുത്ത ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കുള്ള മാസാമാസം അയച്ചുകൊടുക്കുന്ന സഹായങ്ങള്‍ നിന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറാണിപ്പോള്‍ കെ.ടി റബീയുള്ള. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 20 ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഫാര്‍മസികള്‍ റബീയുള്ളയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ നാസീം ജിദ്ധ മെഡിക്കല്‍ ഗ്രൂപ്പ്, നാസിം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ്, സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, ജസീറ പാലസ് റസ്‌റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായിരുന്നു റബീയുള്ള.

ബിസിനസ് വളര്‍ന്നതിനൊപ്പം ശത്രുക്കളുടെ എണ്ണവും വര്‍ധിച്ചതാണ് റബീബുള്ളയ്ക്ക വിനയായത്. റബീയുള്ളയെ പിന്നില്‍ നിന്നു കുത്താന്‍ മുന്നിട്ടു നിന്നത് ബന്ധുക്കള്‍ തന്നയായിരുന്നു. ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസും നിയമ പ്രതിസന്ധികളും റബീഉള്ളക്ക് ഇക്കാലയളവില്‍ ഏറെ നേരിടേണ്ടി വന്നിരുന്നു. റബീഉള്ളയുടെ അയല്‍വാസിയും ബിസിനസ് പങ്കാളിയുമായ മുഹമ്മദുമായുണ്ടായ ബിസിനസ് തര്‍ക്കം അതി രൂക്ഷതയിലെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ പ്രൊഫഷണല്‍ സംഘം മുഹമ്മദിന്റെ മകന്‍ രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ഫിറാസത്ത് മുഹമ്മദിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി തട്ടിക്കൊണ്ട് പോയത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തില്‍ 2016 ഏപ്രില്‍ ആദ്യത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് റബീയുള്ളയെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ കേസ് ഇരു കൂട്ടരും ഒത്തു തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം.

കോഡൂരിലെ വീട്ടില്‍ ഇപ്പോള്‍ ആളനക്കമൊന്നുമില്ല. ആരെയും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നുമില്ല. റബീയുള്ള എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കുമറിയില്ല. റബീയുള്ളയെ അപായപ്പെടുത്തി അദ്ദേഹത്തിന്റെ സമ്പത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ നടത്തുന്ന കളിയാണിതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

Related posts