തിരുവനന്തപുരം: കടുത്ത ചൂടു മൂലം പുറത്തിറങ്ങുന്ന പാന്പുകളും പാന്പിൻ കുഞ്ഞുങ്ങളും വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ തുടങ്ങിയ ഒളിയിടങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഒളിയിടങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണമെന്നു വനം മേധാവിയുടെ നിർദേശം.
അവധിക്കാലമായതിനാൽ മൈതാനങ്ങളിലും പറന്പുകളിലും കളിക്കുന്ന കുട്ടികൾ ജാഗ്രത പുലർത്തണം. കളിയിടങ്ങളിലെ കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകളും മാളങ്ങളും, വലിയ കല്ലുകൾ തുടങ്ങിയവ ഒഴിവാക്കണം.
വഴിയോരങ്ങളിൽ കാടുവെട്ടാനും ചപ്പുചവറുകൾ നീക്കം ചെയ്യാനും ആശുപത്രികളിൽ ആന്റിവെനം ലഭ്യത ഉറപ്പുവരുത്താതിനും ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല നിയന്ത്രണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം മുതലായ വകുപ്പുകളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
ഇരജീവികളുടെ സാന്നിധ്യം പാന്പുകളെ ആകർഷിക്കുന്നതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ എത്തുന്ന എലി, വളർത്തു പക്ഷികൾ എന്നിവ സംബന്ധിച്ചും ശ്രദ്ധ പുലർത്തണം. സർപ്പ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പാന്പുമായി ബന്ധപ്പെട്ട ഏകോപനത്തിനായി വനം വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. പാന്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകൾ സ്കൂളുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ
പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും പാന്പുകടിയേറ്റാൽ ഒട്ടും അമാന്തിക്കാതെ പാന്പുകടിയേറ്റയാളെ ഏറ്റവും അടുത്ത് ആന്റിവെനം ചികിത്സാ സൗകര്യം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണം. രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനപ്പെടുത്തി, ശാരീരികായാസം ഉണ്ടാക്കാതെ എത്രയും വേഗം ആന്റിവെനം ചികിത്സാ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.
വേനൽക്കാലത്ത് വീടുകളിൽ തുറന്നിടുന്ന ജനൽവാതിലുകളിലൂടെ പുറത്തു നിന്നു പാന്പുകൾ വീടുകൾക്ക് ഉള്ളിലേക്ക് എത്തിപ്പെടുന്നത് അപകട സാധ്യത വർധിപ്പിക്കും. ഇത്തരം സാധ്യത ഒഴിവാക്കണം. വീടിനുള്ളിലേക്ക് പാന്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ, വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യണം.
