തായ്ലൻഡ് രാജ്ഞി സുഥിദ ഗ്രീപെൻ (Gripen) യുദ്ധവിമാനത്തിൽ ആദ്യമായി തനിയെ പറന്ന് ചരിത്രനേട്ടം കൈവരിച്ചു. തെക്കൻ തായ്ലൻഡിലെ സുരാത് താനി പ്രവിശ്യയിലെ വിങ് 7 വ്യോമസേനാ താവളത്തിലായിരുന്നു ഈ ചരിത്ര നിമിഷം.
ഫ്ലൈറ്റ് പ്ലാൻ അവലോകനം ചെയ്യുകയും വിമാനം പരിശോധിക്കുകയും ചെയ്ത ശേഷം ഒറ്റ സീറ്റുള്ള ജെഎഎസ് 39 സി (JAS 39 C) ഗ്രീപെൻ യുദ്ധവിമാനമാണ് രാജ്ഞി വിജയകരമായി പറത്തിയത്.
ചരിത്രപരമായ ഈ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ തായ്ലൻഡ് രാജാവ് മഹാ വജിരാലോങ്കോൺ സന്നിഹിതനായിരുന്നു. പറക്കലിന് ശേഷം രാജാവ് രാജ്ഞിക്ക് പൂച്ചെണ്ടും സ്വീഡിഷ് നിർമിത യുദ്ധവിമാനത്തിന്റെ പൈലറ്റ് പദവിയെ സൂചിപ്പിക്കുന്ന ‘ഗ്രീപെൻ ഓർഡർ ഗോൾഡൻ പാച്ച്’ സമ്മാനിച്ചു.
വിവിധ വിമാനങ്ങളിലായി ഇതിനകം 1,188 മണിക്കൂറിലധികം പറക്കൽ പരിചയമുള്ളയാളാണ് രാജ്ഞി സുഥിദ. സെസ്ന, പിലാറ്റസ്, പൈപ്പർ തുടങ്ങിയ ചെറുവിമാനങ്ങളും ബോയിങ് 737 പാസഞ്ചർ ജെറ്റുകളും അവർ മുൻപ് പറത്തിയിട്ടുണ്ട്.
2010 മെയ് മാസത്തിലാണ് രാജ്ഞി ആദ്യമായി ഒരു പൈലറ്റായി ആകാശത്തേക്ക് ഉയർന്നത്. ഇതിനുമുമ്പ് രണ്ട് സീറ്റുള്ള ഗ്രീപെൻ വിമാനവും അവർ പറത്തിയിട്ടുണ്ട്. രാജാവിനൊപ്പം ഔദ്യോഗിക ആവശ്യങ്ങൾക്കായി ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ കോ-പൈലറ്റായും രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
