നാലു പ്രതികളെ കളമശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിത തിരിച്ചറിഞ്ഞു; മൊഴിയില്‍ സൂചിപ്പിച്ച മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

കൊച്ചി: കളമശേരി കൂട്ടബലാത്സംഗത്തില്‍ യുവതിയുടെ മൊഴിയില്‍ സൂചിപ്പിച്ച മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ശ്രീരാജ്, രണ്ടാം പ്രതി ശരണ്യ, മൂന്നാം പ്രതി സഞ്ജു സഞ്ജയ്, നാലാം പ്രതി ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ അതിജീവിത തിരിച്ചറിഞ്ഞിരുന്നു.

വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവതി മറ്റ് രണ്ടു പേരുകള്‍ കൂടി പൊലിസിനോട് വെളിപ്പെടുത്തിയത്. കൂടാതെ പ്രതികള്‍ക്ക് ലഹരി ലഭിച്ചത് എവിടെ നിന്നാണെന്നും പ്രതികള്‍ ഇരയോട് വാഗ്ദാനം ചെയ്ത ഉന്നത ബന്ധങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

പ്രതി ശ്രീരാജ് സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ പെണ്‍കുട്ടികളെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയതായും വിവരങ്ങളുണ്ട്. പ്രതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം.

അതേസമയം, വയനാട് നിന്നും പിടികൂടിയ രണ്ടും നാലും പ്രതികള്‍ക്കായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ആദ്യം പിടിയിലായ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരെ സംഭവം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലും കൂനംതൈയില്‍ പ്രവര്‍ത്തിക്കുന്ന ഡിലൈറ്റ് സ്പായിലുമെത്തിച്ച് പൊലിസ് തെളിവെടുപ്പും നടത്തിയിരുന്നു.

Related posts

Leave a Comment