കടുത്ത ശരീരവേദനയോടും പേശിപിടുത്തത്തോടും പൊരുതി ഗോവയിൽ നടന്ന അയൺമാൻ 70.3 ട്രയാത്ലൺ മത്സരം വിജയകരമായി പൂർത്തിയാക്കി മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തുടർച്ചയായ രണ്ടാം വർഷമാണ് അദ്ദേഹം ഈ കഠിനമായ കായിക വെല്ലുവിളി വിജയകരമായി പൂർത്തിയാക്കുന്നത്.
1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ ആകെ 113 കിലോമീറ്റർ ദൂരം അടങ്ങുന്നതാണ് ഹാഫ് ഡിസ്റ്റൻസ് ട്രയാത്ലൺ എന്നറിയപ്പെടുന്ന അയൺമാൻ 70.3 ചലഞ്ച്. മത്സരം പൂർത്തിയാക്കിയതിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷവും അനുഭവങ്ങളും പങ്കുവെച്ചത്.
ഓട്ടത്തിനിടയിൽ സഹിക്കാനാവാത്ത വേദനയും കടുത്ത പേശിപിടുത്തവും നേരിട്ടെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയത് വലിയ സംതൃപ്തി നൽകിയെന്ന് അണ്ണാമലൈ കുറിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റ് കായികതാരങ്ങളെ അഭിനന്ദിച്ച അദ്ദേഹം, പരിപാടി വൻ വിജയമാക്കാൻ സഹായിച്ച അയൺമാൻ ഗോവയുടെ വോളന്റിയർമാർക്ക് പ്രത്യേക നന്ദിയും അറിയിച്ചു.
ഇത്തരം കായിക വെല്ലുവിളികൾ തന്നെ വ്യക്തിപരമായി കൂടുതൽ മെച്ചപ്പെട്ട ഒന്നാക്കി മാറ്റാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയുടെ ഈ നേട്ടത്തെയും കായികക്ഷമതയെയും പ്രശംസിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിക്കുന്നത്.
