മഹാരാഷ്ട്രയിൽ ബസ് ഡീപ്പോയിൽ നിന്ന് പുതിയ ബസ് മോഷ്ടിച്ച് കടന്ന മോഷ്ടാക്കൾ ടയർ പഞ്ചറായതോടെ വാഹനം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ജൽഗാവ് ജില്ലയിലെ ജാംനർ എംഎസ്ആർടിസി ഡീപ്പോയിലാണ് തിങ്കളാഴ്ച രാത്രി വിചിത്രമായ സംഭവം നടന്നത്.
ഡീപ്പോയിൽ നിന്ന് ബസ് ഓടിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബസ് മോഷ്ടിച്ച് കുറച്ചകലെ എത്തിയപ്പോഴേക്കും വാഹനത്തിന്റെ ഒരു ടയർ പഞ്ചറാവുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ മോഷ്ടാക്കൾ ബസ് ഒരു ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും വെട്ടിച്ച് മോഷ്ടാക്കൾ എങ്ങനെ ബസുമായി കടന്നു എന്നതിൽ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ ജാംനർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അടുത്തിടെയായി ബസ് സ്റ്റേഷൻ പരിസരത്ത് മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ, ജാംനർ ഡീപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
