ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷത്തോളം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വർഷങ്ങൾക്ക് ശേഷം ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. സംഭവത്തിൽ ബാങ്ക് മാനേജർക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2003ൽ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂറിന്റെ കാൺപൂർ സ്വരൂപ് നഗർ ശാഖയിലാണ് യുവതി ലോക്കർ എടുത്തത്. പിന്നീട് 2017ൽ എസ്ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുകയായിരുന്നു.
ഭർത്താവിന്റെ മരണശേഷം യുവതി ലഖ്നൗവിലേക്ക് താമസം മാറിയതിനാൽ ബാങ്കിൽ പതിവായി എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ലോക്കർ ചാർജുകൾ അക്കൗണ്ടിൽ നിന്ന് കൃത്യമായി ഈടാക്കുന്നുണ്ടായിരുന്നതിനാൽ ലോക്കർ സുരക്ഷിതമായി തുടരുന്നുണ്ടെന്നാണ് ഇവർ കരുതിയത്.
അടുത്തിടെ ബാങ്ക് സന്ദർശിച്ചപ്പോൾ, ലയനത്തിന് ശേഷമുള്ള രേഖകൾ പെട്ടെന്ന് ലഭ്യമായിരുന്നില്ല. തുടർന്ന് രേഖകൾ കണ്ടെത്തി പരിശോധിച്ച ശേഷമാണ് ബാങ്ക് അധികൃതർ ലോക്കർ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ ലോക്കർ തുറന്നപ്പോൾ അത് പൂർണമായും കാലിയായ നിലയിലായിരുന്നു.
തുടർന്ന് യുവതി നൽകിയ പരാതിയിൽ സ്വരൂപ് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനയിൽ മുൻപും ഈ ലോക്കർ തുറന്നതായി കാണിക്കുന്ന എൻട്രികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിലെ ആക്സസ് രജിസ്റ്ററുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
