കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്. സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് പരിശോധന നടക്കുന്നത്. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.
തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
