ഉത്തരകൊറിയയെ ഭയന്ന് ജപ്പാന്‍! ഉത്തരകൊറിയയില്‍ നിന്ന് മിസൈലുകള്‍ വന്നാല്‍ രക്ഷപെടാന്‍ മിനിറ്റുകള്‍ പോലും ലഭിക്കില്ല; ജനങ്ങളെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിച്ച് അധികൃതര്‍

missile-north-korea.jpg.image.784.410സമീപകാലത്തായി ഒട്ടുമിക്ക രാജ്യങ്ങളുടെയും ശ്രദ്ധ ഉത്തരകൊറിയയിലാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഉത്തരകൊറിയയെ ഭയന്നാണ് ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞുവരുന്നത്. വലുതും ചെറുതുമായ പല രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജപ്പാനാണ് ഇക്കൂട്ടത്തില്‍ പ്രധാനികള്‍. ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ഇപ്പോള്‍ ഒരു കാര്യത്തില്‍ ആശങ്കയിലാണ്. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഓടിയൊളിക്കാന്‍ ഒരിടംപോലും തങ്ങള്‍ക്കില്ലെന്നതാണ് ഇവരെ ഭയപ്പെടുത്തുന്ന കാര്യം. ജപ്പാനിലേക്ക് മിസൈല്‍ അയക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് ഒരിക്കലുമുണ്ടാകില്ലെന്ന പഴയധാരണ അവര്‍ മാറ്റിവച്ചുവെന്ന് ചുരുക്കം. പ്യോങ്‌യാങില്‍ നിന്നും മിസൈലുകള്‍ ജപ്പാനെ ലക്ഷ്യമാക്കി പുറപ്പെട്ടാല്‍ മിനിറ്റുകള്‍ പോലും രക്ഷപ്പെടാനായി ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരകൊറിയ പറയുന്ന തരത്തില്‍ ഒരു മിസൈല്‍ ആക്രമണം നടന്നാല്‍ രക്ഷപെടാന്‍ ഒരു സാധ്യത പോലുമില്ലെന്നുള്ളത് ജപ്പാനിലെ സാധാരണക്കാര്‍ക്ക് പോലും മനസിലായി. ബങ്കറുകളോ ഷെല്‍ട്ടറുകളോ ഒന്നും പ്രദേശത്തില്ല എന്നതാണ് ഇതിനൊരു പ്രധാന കാരണം.

അടുത്തുകാണുന്ന ഏതെങ്കിലും കെട്ടിടത്തിലേക്ക് ഓടുക മാത്രമേ വഴിയുള്ളൂ. സെയ്ജിറോയുടെ ടാക്സി കമ്പനി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അടുത്തിടെ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ടാക്സി എത്രയും വേഗം പാതയോരത്തേക്ക് അടുപ്പിച്ച് അടുത്തുള്ള ബലമുള്ള കെട്ടിടത്തിലേക്ക് ഓടുകയെന്ന സാമാന്യ യുക്തി മാത്രമാണ് നിര്‍ദ്ദേശമായി നല്‍കിയിരിക്കുന്നത്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ജപ്പാനിലെ വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും ഈ യുദ്ധപ്പേടിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അമേരിയ്ക്കയെ നശിപ്പിക്കാനുള്ള ആയുധങ്ങള്‍ വികസിപ്പിക്കുക എന്നത് ഉത്തരകൊറിയയ്ക്ക് ഇനിയും സ്വപ്‌നം മാത്രമാണ്. ഇക്കാരണത്താല്‍ ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും അമേരിക്കയുടെ സൈനിക താവളങ്ങള്‍ നശിപ്പിക്കുക എന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യം.

ഇതാണ് ജപ്പാനിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ആണവ വികിരണങ്ങളില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുകളും ജൈവായുധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആവരണങ്ങളുമൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരുപാട് പണമുള്ളവര്‍ ആണവാക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷെല്‍ട്ടറുകള്‍ പോലും വാങ്ങിക്കഴിഞ്ഞു. ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് ജപ്പാനീസ് അധികൃതര്‍ തന്നെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്താണെങ്കില്‍ അടുത്തുള്ള ബലമുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറുകയോ താഴത്തെ നിലയിലേക്ക് മാറാന്‍ ശ്രമിക്കുകയോ ചെയ്യുക. ഇനി അത്തരം സാധ്യതയൊന്നുമില്ലെങ്കില്‍ നിലത്ത് തലയ്ക്കു മുകളില്‍ കൈവെച്ച് കമിഴ്ന്നു കിടക്കുക. ജൈവായുധ ആക്രമണത്തിനും സാധ്യതയുള്ളതിനാല്‍ എന്തെങ്കിലും തുണികൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കാനും ശ്രമിക്കണം. ഏതെങ്കിലും കെട്ടിടത്തിനുള്ളിലെത്തിയാല്‍ ഉടന്‍ തന്നെ വാതിലും ജനലും അടക്കണമെന്നും കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു. പൊതുജനങ്ങളില്‍ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള അവബോധം ഉണ്ടാക്കാനായി മിസൈല്‍ പ്രതിരോധ ഡ്രില്ലും നടത്തിയിരുന്നു. എന്നാല്‍ ഈ പറയുന്ന പ്രശ്‌നമൊന്നും ഇപ്പോള്‍ ഇല്ലെന്ന് കരുതുന്നവരും ജപ്പാനില്‍ കുറവല്ല. ഇതെല്ലാം മാധ്യമങ്ങള്‍ അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ഊതിവീര്‍പ്പിക്കുന്നതാണെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

Related posts