അമ്മയിലും ഇല്ല വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലും ഇല്ല;ശ്രിന്ദ ഹാപ്പിയാണ്; എന്തു കൊണ്ട് താന്‍ സ്വതന്ത്ര്യയായി നില്‍ക്കുന്നുവെന്ന് ശ്രിന്ദ വെളിപ്പെടുത്തുന്നു

ഫോര്‍ ഫ്രണ്ട്സ്, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളിലൂടെ വരവറിയിച്ച ശ്രിന്ദ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാളി മനസ്സുകളില്‍ ഇടം പിടിച്ചത്. 1983 എന്ന നിവിന്‍ പോളി ചിത്രത്തില്‍ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിക്കുന്ന ശ്രിന്ദയെ സിനിമാ പ്രേമികള്‍ക്കൊന്നും മറക്കാന്‍ കഴിയില്ല. ഏത് ചെറിയ വേഷമെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുക എന്നത് ശ്രിന്ദയുടെ പ്രത്യേക കഴിവ് തന്നെയാണ്. ഒട്ടുമിക്ക സിനിമകളിലും നായികയ്‌ക്കൊപ്പം നില്‍ക്കുന്ന വേഷമാണ് ശ്രിന്ദയെ തേടിയെത്തുന്നത്. ജീവിതത്തിലായാലും സിനിമയിലായാലും എന്തു തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുണ്ടെന്ന് ശ്രിന്ദ പറയുന്നു.

ഇപ്പോളിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രിന്ദയ്ക്ക് സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഒരു മാസികക്ക് നല്‍കുന്ന അഭിമുഖത്തില്‍ ശ്രിന്ദ തുറന്ന് പറയുകയും ചെയ്യുന്നു. പുറത്ത് നില്‍ക്കുന്നവര്‍ സിനിമ വലിയ പ്രശ്‌നമുള്ള ഏരിയയാണെന്ന് പറയും, എന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എല്ലാവര്‍ക്കുമുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

ജോലി ചെയ്തിട്ട് പണം ചോദിക്കുമ്പോള്‍ പലരുടെയും മുഖം കടന്നല്‍ കുത്തിയതുപോലെയാകാറുണ്ടെന്ന് ശ്രിന്ദ പറയുന്നു. ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടാവാം, അവള്‍ക്കെന്തെങ്കിലും കൊടുത്താ മതി എന്നൊരു മട്ടാണ്. സിനിമയിലെ കുറച്ച് പേരുടെ മനോഭാവം ഇങ്ങനെയാണെന്ന് നടി പറയുന്നു.

ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും സിനിമയിലെ ഒരു സംഘടനയിലും അംഗമല്ലാത്തതിനെക്കുറിച്ചും സിനിമയിലെ പുതിയ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിനെക്കുറിച്ചും ശ്രിന്ദ പറയുന്നതിങ്ങനെ. ‘ഞാനൊരു സംഘടനയിലും ഇല്ലാത്ത ആളാണ്. അമ്മയിലും ഡബ്ല്യുസിസിയിലും ഒന്നും. അതുകൊണ്ട് അതിനുള്ളിലെ കാര്യങ്ങള്‍ അറിയില്ല.ഫേസ്ബുക്കില്‍ കണ്ടാണ് ഞാന്‍ ഡബ്യുസിസിയെ കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ്. പക്ഷെ സ്ത്രീയായാലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ കുറെ പ്രശ്‌നങ്ങള്‍ മാറും” ശ്രിന്ദ പറയുന്നു.

 

Related posts