തൃശൂർ: കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ലെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
കൊട്ടിഘോഷിച്ച നിരവധി വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പിനുമുൻപ് സുരേഷ് ഗോപി തൃശൂർ ജനതയ്ക്കു നൽകിയത്. പക്ഷേ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്നും നേടിയെടുക്കാൻ സുരേഷ് ഗോപിക്കു കഴിയില്ലെന്നു കേന്ദ്ര ബജറ്റിലൂടെ തെളിഞ്ഞു. ഒരുപാടു സാധ്യതകളുള്ള തൃശൂരിൽ ഒട്ടനവധി പദ്ധതികൾ കൊണ്ടുവരാൻ കഴിയുമായിരുന്നു.
സുരേഷ് ഗോപിയും ബിജെപി നേതാക്കളും പ്രസംഗിച്ചുനടന്ന എയിംസ് മുതൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബായ തൃശൂരിൽ വിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയോ ജില്ല കൂടിഭാഗമായ കോയന്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്കുവേണ്ടിയോ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല.
സമാനമായാണ് സംസ്ഥാന ബജറ്റിലും സംഭവിച്ചത്. ഒരുതരത്തിലും തൃശൂരിനു ഗുണകരമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ല.
സിപിഎമ്മും ബിജെപിയും ഇരു ബജറ്റുകളിലും തൃശൂരിനെ അടയാളപ്പെടുത്താൻ തയാറാകാതിരുന്നത് ജനങ്ങൾ എന്നും ഓർത്തിരിക്കുമെന്നും ആ തിരിച്ചറിവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
