സിനിമയ്ക്കു പോകാന്‍ അങ്കിളിനെ വിളിച്ചു വരുത്തിയത് അമ്മയാണ്; സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ കൈ കൊണ്ട് വേദനിപ്പിച്ചു; കൈ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ല; പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്…

എടപ്പാളിലെ തീയറ്ററില്‍ പീഡനത്തിനിരയായ ബാലികയുടെ മൊഴി പുറത്ത്. കുട്ടി പറയുന്നതിങ്ങനെ…”സിനിമക്ക് പോകാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോള്‍ മുതല്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോള്‍ കൈമാറ്റാന്‍ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുന്‍പും വീട്ടില്‍ എത്തിയിട്ടുണ്ട്” കുട്ടിയുടെ അമ്മയുടെ വാദങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പെണ്‍കുട്ടിയുടെ മൊഴി. കേസ് എടുക്കാതിരിക്കാന്‍ പോലീസ് പറഞ്ഞ ന്യായങ്ങളും പൊളിഞ്ഞു. കൗണ്‍സിലറിനു മുമ്പിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

വിഷയത്തിന്റെ ഗൗരവം അറിയാതെയാണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും അവള്‍ക്ക് വെറും ഒമ്പതു വയസുമാത്രമാണ് പ്രായമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അവള്‍ക്ക് നടന്ന ക്രൂരതയുടെ ഗൗരവം മനസിലായിട്ടില്ലെന്നും വീട്ടില്‍ നിന്നിറങ്ങിയ സമയം മുതലുള്ള കാര്യങ്ങള്‍ അവള്‍ നിഷ്‌കളങ്കമായി തുറന്നു പറഞ്ഞെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവള്‍ പറഞ്ഞു.

ആദ്യമായാണ് കുട്ടി മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്. സിനിമ കാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും അവള്‍ വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളില്‍നിന്നും കുട്ടിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. കുട്ടിയുടെ മൊഴിയില്‍ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗണ്‍സിലിംഗ്‌
റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും. ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ കഴിയുമെന്ന് കൗണ്‍സില്‍ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ ചോദിക്കുന്നു.

കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കവിതാശങ്കര്‍ വ്യക്തമാക്കുന്നു. നിലവില്‍ ആറ്്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണെന്നും കൂടുതല്‍ ഗൗരവമുള്ള വകുപ്പുവേണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

Related posts