കറുത്ത സ്റ്റിക്കറും കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സന്ദേശങ്ങള്‍, വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ സിസിടിവി കമ്പനികളെന്ന് സൂചന, കോഴിക്കോട് ഇന്നലെ നടന്ന സംഭവത്തില്‍ പോലീസ് കണ്ടെത്തിയത് ഇതൊക്കെ

സ്റ്റിക്കര്‍ പതിച്ച് രാത്രിയില്‍ വീട് കൊള്ളയടിക്കുന്നുവെന്നും കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചാരണം ശക്തമായതോടെ ജനം ഭയത്തിന്റെ മുള്‍മുനയില്‍. പേടിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് പറയുമ്പോഴും ഇന്നലെയുണ്ടായ സംഭവങ്ങള്‍ ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭിക്ഷാടകന്‍ ഇന്നലെ രാമനാട്ടുകരയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരുസംഭവം ഉണ്ടായിട്ടില്ലെന്നു ബോധ്യമായി.

ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണം വാട്ട്സ് ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ അത്തോളിയിലും കുന്നമംഗലത്തും ചേളന്നൂരിലും പാലേരിയിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ജനലുകളില്‍ കറുത്ത റബ്ബര്‍ പതിച്ചതാണ് ഭീതിക്കിടയാക്കിയത്. അതേസമയം സിസിടിവി കാമറകള്‍ വാങ്ങിവയ്ക്കുന്നതിനായി ചില കമ്പനികള്‍ ചെയ്യുന്ന സൂത്രപ്പണിയാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭീതിജനകമായ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ച് സിസിടിവി വാങ്ങുമെന്നും ഇത് തങ്ങളുടെ വ്യാപാരം വര്‍ധിക്കാന്‍ കാരണമാകുമെന്നും കമ്പനി അധികൃതര്‍ കരുതുന്നതായും ഇത്തരം വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്തായാലും സാധാരണ വീട്ടുകാരെ പോലും പേടിപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് പോലീസും സമ്മതിക്കുന്നു.

പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുമാണ് നിലവിലുള്ള പ്രചാരണം. ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായിട്ടാണ് പ്രചാരണം ശക്തമാകുന്നത്. ഇത് രാത്രി സമയത്ത് വീട് കൊള്ളയടിക്കാനന്നാണ് പറയുന്നത്. സംഭവങ്ങള്‍ പോലീസ് മേധാവികളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

Related posts