ഏഴുവര്‍ഷം പാക്കിസ്ഥാനിലെ തെരുവുകളില്‍ ചാരനായി വിലസി, പാക് മണ്ണിന്റെ മുക്കും മൂലയും ഒരുപോലെ സുപരിചിതം, ഇന്ത്യന്‍ തിരിച്ചടികളിലെ ബുദ്ധികേന്ദ്രം അജിത്ത് ഡോവലെന്ന ബുദ്ധിരാക്ഷസന്റേത്, അറിയാം ഇന്ത്യന്‍ ജെയിംസ് ബോണ്ടിനെ!!

പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈനികനീക്കത്തിന്റെ അന്തിമവാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടിഞ്ഞാണ്‍ സൈന്യത്തിന്റേതുമെങ്കിലും എല്ലാം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രം സാക്ഷാല്‍ അജിത്ത് ഡോവലിന്റേതാണ്. ഇന്ത്യന്‍ ജെയിംസ് ബോണ്ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നിലും.

പാക്കിസ്ഥാനെതിരായി ഏതൊക്കെ തരത്തില്‍ തിരിച്ചടിക്കണമെന്ന തന്ത്രം രൂപീകരിക്കുന്നത് പാക്കിസ്ഥാനില്‍ ഏഴുവര്‍ഷത്തോളം ഇന്ത്യന്‍ ചാരനായി കഴിഞ്ഞ ഡോവലാണ്. ഒരു സിനിമക്കഥ പോലെ ചടുലമാണ് ഡോവലിന്റെ ജീവിതം. ഏഴു വര്‍ഷം ഒരു പാക്കിസ്ഥാനി മുസ്്ലിമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനില്‍ കഴിഞ്ഞ അജിത് കുമാര്‍ ഡോവലിനറിയാവുന്നതു പോലെ പാക്കിസ്ഥാനെ അവിടത്തുകാര്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല.

പാക്കിസ്ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ പേടിയും. ഫീല്‍ഡിലിറങ്ങി ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജന്റ്്സ് ഉദ്യോഗസ്ഥന്‍ ആദ്യമായാണ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായത്. പ്രവര്‍ത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിനൊക്കെ പുറമേ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന ലേബലും കൂടിയാകുമ്പോള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ചാണക്യനാകുന്നു.

പാക്കിസ്ഥാന്റെ കണ്ണിലെ കരട്

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഉന്നം വയ്ക്കുന്നത് അജിത് ഡോവല്‍ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്ഥനെ തന്നെയാണ്. അഫ്ഗാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു എന്നും ഇതിനു പിന്നില്‍ ഡോവലാണെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. കാഷ്മീരില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ഡോവല്‍ തന്നെ.

അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് ഡോവല്‍ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്‍ ഡോവല്‍ എന്നുമുണ്ടായിരുന്നു. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്ന് ഡോവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

1968ല്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവലിന്റെ പോലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോന്‍ മന്ത്രിസഭയുടെ പേരിടിച്ചു താഴ്ത്താന്‍ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്നു കെ. കരുണാകരന്‍ അവിടെ എസ്പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു.

പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡോവല്‍ ഐബിയില്‍ ചേര്‍ന്നു. കാഷ്മീരില്‍ ഡോവല്‍ നടത്തിയ മുന്നേറ്റങ്ങള്‍ പിന്നീട് പോലീസ് സേനയുടെ പഠ്യപുസ്തകങ്ങളില്‍ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ നേടി. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ പോലീസ് മെഡലും. ഏഴുവര്‍ഷക്കാലം (1990-96) പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചു. 33 വര്‍ഷവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവര്‍ഷം ഐബിയുടെ ഓപ്പറേഷന്‍ വിംഗിന്റെ തലവനുമായിരുന്നു.

അമൃത്സറിലെ ആള്‍മാറാട്ടം

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറായിരുന്നു അജിത് ഡോവല്‍ നിര്‍വഹിച്ച സാഹസിക ഇടപെടലുകളില്‍ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്ഥാന്‍ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ സുവര്‍ണ ക്ഷേത്രത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു.

ഓപ്പറേഷനു മുമ്പു പാക്കിസ്ഥാനില്‍ നിന്ന് ഐഎസ്ഐ അയച്ച കമാന്‍ഡിംഗ് ഓഫീസറായാണ് ഡോവല്‍ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഇടയിലേക്കു കയറിച്ചെല്ലുന്നത്. സുവര്‍ണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്ഥാപിക്കാന്‍ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാള്‍ അപ്രത്യക്ഷനാകുകയും ചെയ്തു.

അന്ന് ഖാലിസ്ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്ഐ ചാരനെ വഴിയില്‍ പിടികൂടിയ ശേഷം അയാളുടെ വേഷത്തില്‍ സുവര്‍ണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികര്‍ക്കു നല്‍കുന്ന ഉയര്‍ന്ന ബഹുമതിയായ കീര്‍ത്തി ചക്ര നല്‍കിയാണ് രാഷ്ട്രപതി, ഡോവല്‍ എന്ന പോലീസ് ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥനും അജിത് ഡോവലാണ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവര്‍ത്തന മികവായിരുന്നു.

മിസോറാമിലെ ഒളിപ്പോര്, കാണ്ഡഹാറിലെ ഓപ്പറേഷന്‍

മിസോറാം നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞു കയറി അവരില്‍ ഒരാളായി നിന്നാണ് അജിത് ഡോവല്‍ അവരുടെ തന്നെ പല കമാന്‍ഡര്‍മാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നല്‍കിയ ലാല്‍ ഡെംഗയുടെ ഏഴു കമാന്‍ഡര്‍മാരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങള്‍ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തില്‍നിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.

വിശ്രമത്തിലും കര്‍മനിരതന്‍

2005ല്‍ ഐബിയുടെ ഡയറക്ടറായി വിരമിച്ചതിനുശേഷം 2009ല്‍ കര്‍ണാടക സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി. ഇതിനിടെ ഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ സുരക്ഷാ വിഷയങ്ങളില്‍ ക്ലാസെടുത്തിരുന്നു.

2014 മേയ് 30നാണ് അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. ആ വര്‍ഷം തന്നെ ജൂണില്‍ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരര്‍ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇറാക്കില്‍ നേരിട്ടെത്തിയ ഡോവല്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ഇതു സാധ്യമാക്കിയത്. മണിപ്പൂരില്‍ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്‍മറില്‍ കയറിയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു.

നേപ്പാളില്‍ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണര്‍ത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയില്‍ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

ചെയിന്‍ സ്മോക്കര്‍

കടുത്ത പുകവലിക്കാരനാണ് അജിത് ഡോവല്‍. 45 മിനിറ്റില്‍ ഒരു സിഗരറ്റ് എന്നതാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിസബത്ത് രാജ്ഞി ബെക്കിംഗ്ഹാം പാലസില്‍ ഉച്ചവിരുന്നിനു ക്ഷണിച്ചപ്പോള്‍ അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. സംസാരത്തിനിടെ പെട്ടെന്നു പുറത്തേക്കിറങ്ങിപോയ ഡോവലിനോട് കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യം തിരക്കി. തനിക്കൊന്നു പുകയ്ക്കാതെ വയ്യെന്നായിരുന്നു ഡോവലിന്റെ മറുപടി.

സൈനിക ജീവിതത്തോടുള്ള ബഹുമാനത്തിന്റെ ഭാഗമായി തന്റെ മകന് ശൗര്യ എന്നാണ് ഡോവല്‍ പേരിട്ടത്. 1973ല്‍ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ആയിരിക്കുമ്പോഴാണ് സിആര്‍പിഎഫിന്റെ ശൗര്യ ദിവസ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ചടങ്ങിനുശേഷം പതിനഞ്ചാമത്തെ ദിവസം പിറന്ന മകന് ശൗര്യ എന്നു തന്നെ പേരിടുകയായിരുന്നു. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശൗര്യ ബിജെപിയോടു ചേര്‍ന്നു നില്‍ക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറാണ്. ബിജെപിയെ അധികാരത്തിലെത്തിച്ച കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞവരുടെ കൂട്ടത്തില്‍ ശൗര്യയുമുണ്ടായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ശൗര്യ ഡോവലിന്റെ വിദ്യാഭ്യാസം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കുന്നത് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ചരിത്രപാഠങ്ങളുടെ വീരപരിവേഷത്തോടെയായിരുന്നു. ഏറെക്കാലം ഇന്റലിജന്‍സ് ബ്യൂറോയുടെ ഓപ്പറേഷന്‍സ് വിംഗ് ചീഫ് ആയിരുന്നു ഡോവല്‍. ദേശീയ, അന്തര്‍ദേശീയ സുരക്ഷാ വിഷയങ്ങളില്‍ അവഗാഹമുള്ള ഡോവല്‍ നരേന്ദ്ര മോദിയുടെ ടീമില്‍ ഉള്‍പ്പെടുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു.

മിസോറാം കലാപം, പഞ്ചാബ് കലാപം, കാഷ്മീര്‍ പ്രശ്നം തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ഡോവല്‍ ഏറെക്കാലം വേഷപ്രച്ഛന്നനായി ബര്‍മയിലും ചൈനയുടെ അതിര്‍ത്തിക്കുള്ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം ഇന്ത്യയോടൊപ്പം ചേരുന്നതിനു നിര്‍ണായക പങ്ക് വഹിച്ചതും ഇദ്ദേഹമാണ്. പഞ്ചാബില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക് തണ്ടറിലും പങ്കെടുത്തിട്ടുണ്ട്. 1983 മുതല്‍ 1987 വരെ പാക്കിസ്ഥാനില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഡോവല്‍ ഇന്ത്യാ വിരുദ്ധ ഭീകരരെ നേരിടുന്ന നിരവധി ഓപ്പറേഷനുകള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.

അജിത് കുമാര്‍ ഡോവല്‍ എന്നാണ് മുഴുവന്‍ പേര്. 1945ല്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്വാളിലെ ഗിരി ബനേല്‍സ്യൂന്‍ ഗ്രാമത്തിലാണ് ജനനം. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയിലായിരുന്നു. അജ്മീര്‍ മിലിട്ടറി സ്‌കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ആഗ്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു.

Related posts