വടക്കഞ്ചേരി: പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങൾക്ക് ഇന്നും ആവശ്യക്കാരേറെ. കടുത്ത വേനൽച്ചൂടിൽ പാംനീർ പാനീയങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
വിപണിയിൽ ഉൽപന്നങ്ങൾക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളിൽ എത്തിച്ചു കൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടുത്തെ ജീവനക്കാർക്കുള്ളൂ. ഇതിനാൽ വിതരണ മേഖലയും കുറച്ചു.
ഇപ്പോൾ കിഴക്കഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി എന്നീ മൂന്നു പഞ്ചായത്തുകളിൽ മാത്രമെ വില്പനയുള്ളുവെന്നു സംഘം അധികൃതർ പറഞ്ഞു.പാംനീർ, നന്നാരി സോഡ, പാം സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇവിടെയുണ്ടാക്കുന്നത്. സീസണൽ വിപണിയായതിനാൽ കൂടുതൽ ആളുകളെവച്ച് ഉത്പാദനം കൂട്ടാനും കഴിയില്ല.
നല്ലൊരു മഴ പെയ്താൽ പാനീയങ്ങൾക്ക് ആവശ്യക്കാർ കുറയും. നല്ല വേനൽ മാസങ്ങളാണ് സീസൺ. അതുകഴിഞ്ഞാൽ ഉത്പാദനം കുറയ്ക്കണം. അടുത്ത സീസണോടെ ഉത്പാദനം കൂട്ടി വിതരണ മേഖല വ്യാപിക്കാനാണ് സംഘത്തിന്റെ തീരുമാനം.
ഇതിനായി പുതിയ കെട്ടിടം നിർമിച്ച് ആധുനിക യന്ത്രസംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കേരളത്തിൽനിന്നും അന്യംനിന്നുപോയ പനംചക്കര ഉത്പാദക സഹകരണ സംഘങ്ങളിൽ ശേഷിക്കുന്ന അപൂർവം സൊസൈറ്റികളിൽ ഒന്നാണ് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന ഈ പനംചക്കര സൊസൈറ്റി. 1948 ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിരവധിയായ പ്രതിസന്ധിഘട്ടങ്ങൾകടന്ന് ഇന്ന് നിലനിൽപ്പിന്റെ മികവുകളിലാണ്.
തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളോ ഉപഭോക്താക്കളെ വീഴ്ത്തുന്ന വലിയ പരസ്യവാചകങ്ങളോ ബോർഡുകളോ ഇല്ലെങ്കിലും ചുട്ടുപൊള്ളുന്ന വേനലിൽ പാംനീരാണ് ജനങ്ങളുടെ പ്രിയപ്പെട്ട പാനീയം.
കെമിക്കലുകളൊന്നും ചേർക്കാതെ പാലക്കാടിന്റെ തലയെടുപ്പായ കരിമ്പനയിൽനിന്നുള്ള ഉത്പന്നങ്ങൾ ചേർത്താണ് ഈ പാനീയ നിർമാണം. നല്ല ആരോഗ്യദായക പാനീയം എന്ന നിലയിലും പാംനീരിന്റെ പേരും പെരുമയും ഏറെ ഉയർന്നതാണ്.
