പാലക്കാട്: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ നിർണായക വഴിതിരിവ്. കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് അന്വേഷിച്ചു കണ്ടെത്തിയ പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇതുസംബന്ധിച്ച വ്യക്തത നൽകിയത്.
ഇതോടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന എല്ലാവിധ സംശയങ്ങൾക്കും വിരാമമായിരിക്കുകയാണ്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ ജോലി തേടി മലേഷ്യയിലേക്ക് ചേക്കേറിയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. നിലവിൽ ഒരു അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം ചികിത്സയിൽ കഴിയുകയാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
നാട്ടിലെ വീട്ടുക്കാരുമായി വർഷങ്ങളായി നിരന്തരമായ ബന്ധം പുലർത്തിപ്പോരുന്ന വ്യക്തിയാണ് ദാമോദര മേനോൻ എന്നും, മാസം മുമ്പ് പോലും അദ്ദേഹം വീട്ടിലേക്ക് ഫോണിൽ വിളിച്ചിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തി. അതേസമയം, നാല് പതിറ്റാണ്ടിലേറെയായി പിടികിട്ടാപ്പുള്ളിയായി പോലീസ് തെരയുന്ന സുകുമാരക്കുറുപ്പുമായി മുഖസാദൃശ്യമുള്ള ‘ജോൺ മേനോൻ’ എന്ന മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മലേഷ്യയിലും ഇന്തോനേഷ്യയിലും താമസിക്കുന്ന ചില പ്രവാസി ഇന്ത്യക്കാരിൽ നിന്നാണ് ഈ നിർണായക വിവരങ്ങൾ ചില ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. സുകുമാരക്കുറുപ്പും ജോൺ മേനോനും തമ്മിലുള്ള രൂപസാദൃശ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്.
