കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി – എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്.
ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്.
