ആലപ്പുഴയിലെ താറാവുകള്‍ക്ക് അന്തകനായി റാമെര്‍ലാ വൈറസ് ! ഇതുവരെ ചത്തത് 6000ലേറെ താറാവുകള്‍; രോഗം പരത്തുന്നത് ദേശാടനക്കിളികളെന്നു സൂചന…

ലോകം കൊറോണ ഭീതിയില്‍ വലയുമ്പോള്‍ ആലപ്പുഴയെ ഭീതിയിലാക്കി റാമെര്‍ലാ വൈറസ്. ആലപ്പുഴയില്‍ 6000ലേറെ താറാവുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത്. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്. തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റാമെര്‍ലാ വൈറസ് ബാധയാണു താറാവുകള്‍ ചാകാന്‍ കാരണമെന്നു സ്ഥിരീകരിച്ചു. ശേഷിച്ച താറാവുകള്‍ക്ക് എക്സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അതു ഫലപ്രദമായില്ലെന്നു താറാവു കര്‍ഷകര്‍ പറയുന്നു. ചത്ത താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതിരുന്നതിനാല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. താറാവുകളെ ഇന്‍ഷുര്‍ ചെയ്യാന്‍ ഒരു കമ്പനിയും തയാറായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. വേനല്‍ക്കാലമായതിനാല്‍ ദേശാടനക്കിളികളുടെ സാന്നിദ്ധ്യം രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. രോഗം മറ്റു സ്ഥലങ്ങളിലേക്കു പടര്‍ന്നാല്‍ പൗള്‍ട്രി മേഖലയ്ക്കു വലിയ തിരിച്ചടിയാകും. ആലപ്പുഴയിലെ ഇറച്ചി വ്യാപാരത്തിനും ഇത് തിരിച്ചടിയാണ്.

Read More