പെരിന്തല്‍മണ്ണയില്‍ കിരീടമുയര്‍ത്തി കേരള ഡയറക്ടേഴ്‌സ് ഇലവന്‍

പുതുവര്‍ഷത്തിലെ ആദ്യ സെലിബ്രിറ്റി ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്‌സ് ഇലവന്‍. പെരിന്തല്‍മണ്ണയില്‍ മീഡിയ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഏറനാടാന്‍ ട്രോഫിയിലാണ് സംവിധായകരുടെ ടീം സിനിമയില്‍ മാത്രമല്ല കളത്തിലും തങ്ങള്‍ മികച്ച താരങ്ങളാണെന്ന് തെളിയിച്ചത്. സംവിധായകന്‍ സജി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡയറക്ടേഴ്‌സ് ഇലവന്‍ ഫൈനലില്‍ മിലേനിയം സ്റ്റാര്‍സിനെ 30 റണ്‍സിനാണ് കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്‌സ് ഇലവന്‍ നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. ഡയറക്ടേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ സജി സുരേന്ദ്രന്‍ 27 റണ്‍സെടുത്തപ്പോള്‍ സഹഓപ്പണര്‍ ശ്യാംധറും (22) മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിലേനിയം സ്റ്റാര്‍സിന് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത മെല്‍വിന്‍ ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാമാസ് കെ ചന്ദ്രനാണ് ഡയറക്ടേഴ്‌സ് ഇലവന്റെ വിജയശില്‍പി. പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും പെരിന്തല്‍മണ്ണ മൗലാനാ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരമായി മില്ലേനിയം സ്റ്റാര്‍സിലെ മെല്‍വിന്‍ ഫിലിപ്പിനെയും മികച്ച ബൗളറായി മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയുടെ അനില്‍ കുമാറിനെയും മികച്ച ബാറ്റ്‌സ്മാനായി മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിലെ ജോബി മാത്യുവിനെയും തിരഞ്ഞെടുത്തു.

സമ്മാനദാനച്ചടങ്ങില്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് കുമാര്‍, മൗലാനാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാംദാസ്, മുന്‍ ക്രിക്കറ്റ് താരം അഫ്‌സല്‍ പങ്കെടുത്തു. സിനിമ, സീരിയല്‍ നടന്മാരും സംവിധായകരും മാധ്യമ പ്രവര്‍ത്തകരുമാണ് ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയത്.

Related posts