കൊറോണ ഭീതി ബാധിച്ച പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സിലിംഗ് ! കര്‍മനിരതരായി 12 അംഗ ടീം

ദമ്മാം: കോവിഡ് ഭീതി നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന അവസരത്തില്‍ ആളുകളുടെ ഭീതിയും വര്‍ധിക്കുകയാണ്. ഗള്‍ഫിലുള്‍പ്പെടെയുള്ള പ്രവാസ മേഖലകളില്‍ നിരവധി മലയാളികളാണ് ആരോഗ്യപരമായും സാമ്പത്തികപരമായും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതു മൂലമുള്ള മാനസിക സമ്മര്‍ദ്ദവും വര്‍ധിക്കുകയാണ്.

ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സിലിംഗ്. തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ക്കാണ്, നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെ വിദഗ്ദരായ കൗണ്‍സിലര്‍മാര്‍, ടെലി കൗണ്‍സിലിംഗ് നടത്തിയത്.

ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തില്‍ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോര്‍ക്ക ടെലികൗണ്‍സലിങ് സേവനങ്ങള്‍ക്ക് ഏര്‍പ്പാടാക്കിയത്. കൗണ്‌സിലിങ്ങില്‍ വിദഗ്ദ്ധപരിശീലനം നേടിയിട്ടുള്ള, ടിറ്റോ ജോണി കണ്ണാട്ട്, ആന്‍സി ജോര്‍ജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയന്‍, ദിജു ചിറയത്ത് ജോയ്, കുര്യന്‍ ജോണ്‍, റെജി ചെറിയാന്‍, സീനമോള്‍ ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്, ഷാജി പി ജോസഫ്, ടിറ്റോ ജോണി കണ്ണാട്ട്, ടോജി കുര്യന്‍ എന്നീ പന്ത്രണ്ടു കൗണ്‍സിലര്‍മാര്‍ ആണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സലിങ് ടീമില്‍ ഉള്ളത്. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ലീഗല്‍ കണ്‍സള്‍റ്റന്റ് ആയ അഡ്വക്കേറ്റ് വിന്‌സന് തോമസ് ആണ് ടെലി കൗണ്‍സലിങ് സേവനങ്ങളെ ഏകോപിപ്പിയ്ക്കുന്നത്.

സൗദിയിലെ അങ്ങോളമിങ്ങോളമുള്ള മാനസിക കോവിഡ് ബാധിച്ചവരും, അല്ലാത്തവരുമായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍, ദിവസവും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സലിങ് വിഭാഗത്തിലേക്ക് ഫോണ്‍ വിളിച്ചു സംസാരിയ്ക്കുന്നുണ്ട്.

അതോടൊപ്പം, രോഗം ബാധിച്ച പ്രവാസികളെക്കുറിച്ച് വിവരം നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, അവരെ അങ്ങോട്ട് ഫോണ്‍ ചെയ്തും കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. അവരുമായി സംസാരിച്ച്, വ്യക്തമായ രോഗത്തെക്കുറിച്ചുള്ള അവരുടെ പേടി മാറ്റി, മാനസികമായ പിരിമുറുക്കം ഇല്ലാതാക്കി, മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഉള്ള ശ്രമമാണ് ടെലികൗണ്‍സിലര്‍മാര്‍ നല്‍കുന്നത്.

അതോടൊപ്പം വിളിയ്ക്കുന്ന ഓരോ വ്യക്തിയെയും, അവരുടെ അവസ്ഥയ്ക്കനുസരിച്ചു തുടര്‍ കൗണ്‍സിലിംഗ് സെക്ഷനുകളും പിന്നീടും നടത്താറുണ്ട്.

പലപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഈ കൗണ്‍സിലിംഗ് സെഷനുകള്‍ നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.

ഏതു മാനസിക സമ്മര്‍ദ്ദത്തില്‍കൂടി പോകുന്ന പ്രവാസിയായാലും, ഒട്ടും മടിയ്ക്കാതെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സിലിംഗ് വിഭാഗത്തിലേക്ക് വിളിച്ചു സംസാരിയ്ക്കണമെന്ന് അഡ്വക്കേറ്റ് വിന്‍സന്‍ തോമസ് അഭ്യര്‍ത്ഥിച്ചു.

Related posts

Leave a Comment