പരവൂർ: രാജ്യത്തെമ്പാടുമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ പ്രത്യേക അപായ സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തി വേണ്ടന്ന് അധികൃതർ. കേന്ദ്ര ടെലികോം വകുപ്പും ദേശീയ ദുരന്ത നിവാരണ അഥോരിറ്റിയും സംയുക്തമായി നടത്തുന്ന ദുരന്ത നിവാരണ മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണമാണിതെന്നും ഉപഭോക്താക്കൾ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
എന്താണ് സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം?
പ്രകൃതിക്ഷോഭങ്ങൾ, സുനാമി, ഭൂകമ്പം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഒരു നിശ്ചിത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനുള്ള അത്യാധുനിക സംവിധാനമാണിത്. സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫോൺ സൈലന്റ് മോഡിലാണെങ്കിൽ പോലും വലിയ ശബ്ദത്തോടെയുള്ള അലാറത്തോടു കൂടിയാകും ഈ സന്ദേശങ്ങൾ ലഭിക്കുക.
പരീക്ഷണം ഇന്ന്
ഇന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഈ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരീക്ഷണവും നടക്കും. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ്, ഹിന്ദി കൂടാതെ പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ ലഭിച്ചേക്കാം. “ഇതൊരു പരീക്ഷണ സന്ദേശമാണ്, ഇതിൽ നടപടികൾ ആവശ്യമില്ല’ എന്നാകും സന്ദേശത്തിൽ ഉണ്ടാവുക.
സി-ഡോട്ട് വികസിപ്പിച്ചെടുത്ത “സച്ചേത്’ എന്ന സംയോജിത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം പ്രവർത്തനസജ്ജമായിട്ടുണ്ട്. ഭാവിയിൽ സുനാമി, ഇടിമിന്നൽ, വാതക ചോർച്ച തുടങ്ങിയ വിപത്തുകളെക്കുറിച്ച് കൃത്യസമയത്ത് ജനങ്ങൾക്ക് വിവരം നൽകാൻ ഈ സംവിധാനം ഉപകരിക്കും.
ഫോണിൽ ഇപ്പോൾ ഇത്തരം അലാറം മുഴങ്ങുകയോ സന്ദേശം വരികയോ ചെയ്താൽ അത് അവഗണിക്കണമെന്നും പരിഭ്രാന്തരായി മറ്റുള്ളവരെ തെറ്റായ വാർത്തകൾ അറിയിക്കരുതെന്നും ടെലികോം വകുപ്പ് അഭ്യർഥിച്ചു.
എസ്. ആർ. സുധീർ കുമാർ
