കോട്ടയം: ആളൊഴിഞ്ഞ മുറികളിലും തടിപ്പുരയുടെ മച്ചുകളിലും വെള്ളിമൂങ്ങ മുട്ടയിട്ട് അടയിരിക്കുകയും വിരിയിക്കുകയും ചെയ്യുന്ന മാസമാണിത്. ചൂടു കൂടുതലായതോടെ തള്ളമൂങ്ങയ്ക്കു വേണ്ടവിധം പരിചരണം നല്‍കാനാകുന്നില്ല.
വെള്ളവും തീറ്റയും കിട്ടാതെ കുഞ്ഞുങ്ങള്‍ വലയുന്നുമുണ്ട്. ഇത്തരത്തില്‍ കൂടുവിട്ട് കുഞ്ഞുങ്ങള്‍ നിലംപൊത്തുകയോ തള്ളക്കിളികള്‍ ഉപേക്ഷിക്കുകയോ ചെയ്യുക പതിവായിരിക്കുന്നു. ജില്ലയില്‍ പലയിടങ്ങളിലായി പതിനഞ്ചോളം വെള്ളിമൂങ്ങാക്കുഞ്ഞുങ്ങളെയാണ് സമീപദിവസങ്ങളില്‍ വനപാലകര്‍ക്ക് കിട്ടിയത്.
പാറമ്പുഴയിലെ വനംവകുപ്പ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് ഇതോടകം എട്ട് കുഞ്ഞുങ്ങളുടെ പരിപാലനം ഏറ്റെടുത്തു വളര്‍ത്തി പറത്തിവിട്ടു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരക്ഷണപ്പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന വെള്ളിമൂങ്ങയെ ഈയിടെ ഒന്നാം സ്ഥാനത്തേക്ക് മാറ്റിയതോടെ വെള്ളിമൂങ്ങ വിവിഐപിയായി. വ്യക്തികള്‍ക്ക് പിടിക്കാനോ വളര്‍ത്താനോ അനുവാദമില്ലാത്ത സംരക്ഷിത പട്ടികയിലുള്ള ജീവിയാണ് വെള്ളിമൂങ്ങ.
