പ്രാണന്‍ പോകുന്ന വേദനയില്‍ അവന്‍ അലറിക്കരയുമ്പോള്‍ അവള്‍ അവനൊപ്പം ചേര്‍ന്നിരുന്ന് ആശ്വസിപ്പിക്കും! മുറിവുകളില്‍ മരുന്ന് വയ്ക്കും; മഹത്തായ പ്രണയത്തിന് ഉത്തമ ഉദാഹരണമായി പ്രണയജോഡികള്‍

പ്രണയവും സ്‌നേഹവും യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് ആളുകളുടെ മനസിലാണ്. അങ്ങനെ വരുമ്പോള്‍ സ്‌നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന വ്യക്തിയുടെ രൂപത്തിലോ സൗന്ദര്യത്തിലോ അങ്ങനെയുള്ളവര്‍ പ്രാധാന്യം കല്‍പ്പിക്കുകയുമില്ല.

ഇതിന് ഉത്തമ തെളിവാകുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവാഹം കഴിഞ്ഞ്, കുഞ്ഞുങ്ങള്‍ക്കും ജന്മം കൊടുത്ത് കുടുംബമായി ജീവിക്കുന്നതിനിടയില്‍ പോലും കുടുംബത്തെ ഉപേക്ഷിച്ച് മറ്റ് സന്തോഷങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് മാതൃകയാക്കാവുന്ന പ്രണയജോഡികളുടെ വാര്‍ത്തയാണിത്.

ലോകം മുഴുവന്‍ നെഞ്ചേറ്റിയ ഈ വിസ്മയപ്രണയം അങ്ങ് തായ്‌ലാന്‍ഡില്‍ നിന്നാണ്. ഇവരുടെ ജീവിതത്തിലെ വില്ലനാകട്ടെ കാന്‍സറും. കാമുകന്റെ കണ്ണിന് കാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും അവനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല ഇവള്‍.

രോഗം ഒരു കുറ്റമല്ലല്ലോ എന്ന് പറഞ്ഞ് അവനൊപ്പം അവനോട് ചേര്‍ന്ന് നിന്ന് അവള്‍ കാന്‍സറിനോടും വിധിയോടും പൊരുതാന്‍ അവനെ പ്രാപ്തനാക്കി. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാന്‍സര്‍ പിടിപ്പെട്ടത്. പിന്നീട് അവന്റെ മുഖത്തേക്ക് അത് വ്യാപിച്ചു. അവന്റെ മുഖം വികൃതമായി.

ഇതോടെ ക്വവിന്റെ കാമുകി അറ്റാറ്റിയയോട് അവനെ ഉപേക്ഷിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ എന്തുവന്നാലും അവനെ കൈവിടില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവള്‍. വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്തിന്റെ പലഭാഗത്തും ഞരമ്പുകള്‍ തെളിയുകയും അത് പൊട്ടിപ്പോവുകയും ചെയ്യും.

പ്രാണന്‍ പോകുന്ന വേദനയില്‍ അവന്‍ അലറിക്കരയുമ്പോള്‍ അവള്‍ അവനൊപ്പം ചേര്‍ന്നിരുന്ന് ആശ്വസിപ്പിക്കും. അവന്റെ മുറിവുകളില്‍ മരുന്ന് വയ്ക്കും. അവനെ അമ്മയെപോലെ പരിചരിക്കും. ഇവരുടെയും മഹത്തായ പ്രണയത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ തായ്‌ലന്‍ഡിലെ ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. വിധി തങ്ങളോട് കരുണ കാണിക്കും എന്നുതന്നെയാണ് ഇരുവരും ഉറച്ച് വിശ്വസിക്കുന്നത്.

Related posts