“പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല’ -മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് ഫ്ലക്സ്
മൂവാറ്റുപുഴ: “ഉണ്ണിമാർ കുരയ്ക്കട്ടെ, പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല” കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെ അനുകൂലിച്ച് മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകളിലെ വാചകങ്ങളിലൊന്നാണിത്.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വിമർശനങ്ങളും നിലനിൽക്കെ, സ്വന്തം പാർട്ടിയിലെ ചില നേതാക്കളെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഈ പ്രയോഗമെന്ന രീതിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇത് വഴിവെച്ചിട്ടുണ്ട്.
ഞാൻ മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി എനിക്കൊരു ഇരയുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: താൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാവേറല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ല. കേരളത്തിലെ ജനങ്ങൾ ചാവേറുകളായി നിൽക്കുമ്പോൾ ഉണ്ണിത്താന്റെ ആവശ്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ തനിക്കൊരു ഇരയല്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. ഷാഫി എ ഗ്രൂപ്പിലില്ലെന്നാണ് പറഞ്ഞത്. നേർക്കാഴ്ചയിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ് പറഞ്ഞത്. അതിൽ അസ്വസ്ഥമാകേണ്ട യാതൊരു കാര്യവും അദ്ദേഹത്തിനില്ല. ഇത്രയും തനിക്കെതിരേ ചെയ്തിട്ടും തന്നെ ക്രൂശിക്കാൻ നടക്കുകയാണ് ആളുകളെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
ജയിപ്പിച്ചവരെ തോൽപിക്കുന്ന കോൺഗ്രസ് തമ്മിലടി
(ദീപിക മുഖപ്രസംഗം)
കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം വിഴുപ്പലക്കായി മാറുന്നത് ഏതാണ്ട് ഒരു പാരന്പര്യമായി മാറിയിട്ടുണ്ട്. അതു പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതും സംസ്ഥാനങ്ങളിലെങ്കിലും ഭരണം നഷ്ടമാക്കുന്നതും രാജ്യം ഏറെ കണ്ടിട്ടുണ്ട്. കേരളത്തിൽ ഏതാണ്ട് അടക്കത്തിലായിരുന്ന തമ്മിലടി അധികാരത്തിലെത്തിയതോടെ സജീവമായി. പാർട്ടിക്ക് ഇതു പുത്തരിയല്ലായിരിക്കാം. പക്ഷേ, ജയിപ്പിച്ച ജനത്തെ തോൽപിക്കരുത്. പാർട്ടി ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നം തീർക്കുന്നില്ലെങ്കിൽ രൂക്ഷമാകുന്ന തർക്കം പഴയ ഗ്രൂപ്പ് യുദ്ധത്തിലേക്ക് അതിവേഗം വളരും.
ആശയപരമായ അടിസ്ഥാനഭിന്നതകളൊന്നും കോൺഗ്രസിന്റെ ഗ്രൂപ്പുതർക്കങ്ങളിലില്ല. പ്രബലരായ നേതാക്കൾക്കു ചുറ്റും അണിനിരക്കുന്ന അനുയായികൾക്ക് പാർട്ടിയിലെ സ്ഥാനമാനങ്ങൾ കഴിയുന്നത്ര നേടിയെടുക്കുക, തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് ഉറപ്പാക്കുക, അധികാരത്തിലെത്തിയാൽ മന്ത്രിസഭയിലെ പ്രാതിനിധ്യവും ബോർഡ്-കോർപറേഷൻ സ്ഥാനമാനങ്ങളും പരമാവധി കൈക്കലാക്കുക തുടങ്ങിയ വ്യക്തിഗത താത്പര്യങ്ങളേ ഉള്ളൂ. എ.കെ. ആന്റണി, കെ. കരുണാകരൻ എന്നിവരുടെ കാലം മുതൽ തുടരുന്ന “എ’, “ഐ’ ഗ്രൂപ്പുകൾ ഏതാണ്ട് ഇല്ലാതായെന്നു കരുതിയെങ്കിലും ഇപ്പോൾ തല പൊക്കിക്കഴിഞ്ഞു.
10 വർഷം അധികാരമില്ലാതിരുന്നപ്പോൾ തമ്മിലടി കുറഞ്ഞത് വീതം വയ്ക്കാൻ പാർട്ടി സ്ഥാനമാനങ്ങളല്ലാതെ മറ്റൊന്നും ഇല്ലാതിരുന്നതുകൊണ്ടാണെന്ന് ഇപ്പോൾ ജനം ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. സിപിഎമ്മിലും പരസ്പരമുള്ള ചെളിവാരിയെറിയൽ പതിവിലേറെ ശക്തമായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർ സംവിധാനത്തിൽ ഗ്രൂപ്പുപോര് അത്ര എളുപ്പമല്ല. അതുപോലെ പാർട്ടിക്കപ്പുറം വളർന്ന വ്യക്തിനേതൃത്വത്തെ എതിർക്കാൻ രണ്ടാംനിരയിലുള്ളവർക്കുപോലും ധൈര്യവുമില്ല. നേതാക്കൾ ഉൾപ്പെട്ട കൊടിയ അഴിമതിക്കേസുകളിൽപോലും അണികൾക്ക് എതിരഭിപ്രായം ഇല്ല. കോൺഗ്രസിലേക്ക് എത്തുന്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും.
പ്രധാന ചർച്ചകൾ പാർട്ടിയിലില്ല കവലകളിലാണ്. ഏതായാലും കോൺഗ്രസിൽ അച്ചടക്കമില്ലെന്ന പൊതുബോധം വീണ്ടും ശക്തമായി. പാർട്ടിയേക്കാൾ വളരാനും വെട്ടിപ്പിടിക്കാനുമുള്ള തത്രപ്പാട് യുവാക്കളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ തുടരുകയാണ്. കൃത്യമായ ഇടവേളകളിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി കോൺഗ്രസിന്റെ പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയാണ്. ജനാധിപത്യം അപകടത്തിലാണെന്ന് മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് പാർട്ടിയിലെ ജനാധിപത്യത്തെക്കുറിച്ച് വേവലാതി ഒട്ടുമില്ല.
ഇത് ഗ്രൂപ്പുകൾക്ക് വളരാൻ സഹായമായിട്ടുണ്ട്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായില്ലെങ്കിൽ പാർട്ടിയിൽ നിലനിൽപില്ലെന്ന ചിന്ത ഗ്രൂപ്പിനതീതമായി പാർട്ടിയെ സ്നേഹിക്കുന്നവരെപ്പോലും ബാധിക്കുന്നു. സംഘടനാകാര്യങ്ങളിൽ മുഴുവൻസമയം പ്രവർത്തിക്കാൻ പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതിമന്ത്രിയായിട്ട് ഏഴു മാസമാകുന്നു.
ഇതൊക്കെ നിലനിൽക്കേ, കോൺഗ്രസിൽ ഒരു പ്രശ്നവുമില്ലെന്നും അതൊക്കെ തീർക്കാൻ പാർട്ടിക്കു കെൽപുണ്ടെന്നും ഇതു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നുമൊക്കെയുള്ള നേതാക്കളുടെ വ്യാഖ്യാനങ്ങൾ ഇത്ര വലിയ ഭൂരിപക്ഷം നൽകി യുഡിഎഫിനെ അധികാരത്തിലെത്തിച്ച ജനം വിഴുങ്ങില്ല. എംപിമാരായ ഷാഫി പറമ്പിലും രാജ് മോഹൻ ഉണ്ണിത്താനും നേർക്കുനേർ നടത്തുന്ന ദ്വയാർഥ പ്രയോഗങ്ങൾ പാർട്ടിക്കാർക്ക് അപമാനവും ജനങ്ങൾക്ക് അരോചകവുമായിട്ടുണ്ട്.
മുഖ്യമന്ത്രിയും കേരളത്തിൽനിന്നുള്ള ദേശീയ നേതാക്കളും ഉൾപ്പടെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പ്രതികരണങ്ങളിൽ പാലിക്കുന്ന സംയമനം അണികളെ അടക്കിനിർത്തുന്നുണ്ട്. ഇത് ഇല്ലാതാകുന്ന നിമിഷം സ്ഥിതി വഷളാകുമെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണം. പരിഹരിക്കാൻ വൈകുംതോറും വിള്ളലും വ്യക്തിവൈരാഗ്യങ്ങളും രൂക്ഷമാകും. ഇതു കോൺഗ്രസിന്റെ പാർട്ടിക്കാര്യമാണെന്നു പറയുന്നത് ജനത്തോടുള്ള വെല്ലുവിളിയാണ്.
പാർട്ടിക്കാരും ഗ്രൂപ്പുകളിക്കാരുമല്ല 140ൽ 102 സീറ്റുകൾ നൽകി കോൺഗ്രസിനെ വിജയിപ്പിച്ചത്. ജനാധിപത്യ സൗന്ദര്യത്തിന്റെ മേക്കപ്പിട്ട നിങ്ങളുടെ ചക്കളത്തിപ്പോരാട്ടം കാണാനല്ല ജനം അഞ്ചു വർഷത്തേക്ക് ഭരണം ഏൽപിച്ചത്. ഒരു നിമിഷം വൈകാതെ ഹൈക്കമാൻഡ് ഇടപെടണം.
