കൊല്ലം: കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ കുട്ടിയുടെ അമ്മ ഹബീറ രംഗത്ത്. എട്ടു വയസുകാരി നിയ ഫൈസൽ ആണ് മരിച്ചത്.
സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കുമെതിരെ കേസെടുത്തത് ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണെന്നും തെറ്റ് പറ്റിയിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയാറാകുന്നില്ലെന്നും ഹബീറ ആരോപിച്ചു.
കുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായി നൽകിയിട്ടുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ.
2025 ഏപ്രിൽ 8ന് ആണ് നിയയ്ക്ക് വിളക്കുടിയിലെ വീടിന് സമീപത്തുവച്ച് തെരുവ് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വച്ചാണ് മരണപ്പെടുന്നത്.
