കായിക മന്ത്രികയും സ്‌പോര്‍ട്‌സ് പ്രേമികളും ഇതൊന്നും കാണുന്നില്ല, ദ്രോണാചാര്യ തോമസ് മാഷും കുട്ടികളും തെരുവിലായിട്ട് ദിവസങ്ങള്‍ പലതായി, മെഡല്‍ വാങ്ങുമ്പോള്‍ മാത്രം അഭിനന്ദനവുമായി ഓടിയെത്തുന്നവര്‍ വായിച്ചറിയാന്‍

ഇടുക്കി വണ്ണപ്പുറം എസ്എന്‍എംവിഎച്ച്എസ് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ എവിടെ അന്തിയുറങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് യാതൊരുവിധ ലൈസന്‍സുകളും ഇല്ലെന്ന് പറഞ്ഞ് പുളിമൂട്ടില്‍ മനു മനോജ് നല്‍കിയ ഹര്‍ജിയിലാണ് കുട്ടികളെ ഒഴിപ്പിച്ച് ഹോസ്റ്റല്‍ പൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

നടപടിയെടുക്കാന്‍ തീരുമാനിച്ചതോടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന 82 വിദ്യാര്‍ഥികളും ഇവരുടെ രക്ഷിതാക്കളും ആശങ്കയിലായി. കേരളത്തിലെ കായികരംഗത്ത് ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്ത ദ്രോണാചാര്യ തോമസ് മാഷും മകന്‍ രാജാസ് തോമസുമാണ് ഇവിടുത്തെ പരിശീലകര്‍. വണ്ണപ്പുറം മേഖലയില്‍ തന്നെ കുട്ടികള്‍ക്കായി വാടകവീട് കണ്ടെത്താനുള്ള ഒരുക്കത്തിലാണ് തോമസ് മാഷ്.

സബ് ജില്ലാ, റവന്യുജില്ല സ്‌കൂള്‍ കായികമത്സരങ്ങള്‍ അടുത്തതോടെ കുട്ടികള്‍ക്കുള്ള പരിശീലനം പോലും സ്തംഭിപ്പിക്കുമെന്ന ഭയവും കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട്. കുട്ടികളുടെ ഭാവിയോര്‍ത്തു വണ്ണപ്പുറത്തു വന്നു താമസിക്കുന്ന മാതാപിതാക്കളും പ്രതിസന്ധിയിലാണ്. തോമസ് മാഷിനെ വിട്ടു മറ്റൊരു സ്‌കൂളിലേക്കു പോകില്ലെന്നു കുട്ടികളും മാതാപിതാക്കളും പറയുന്നു.

ഇതിനിടയില്‍ നാട്ടുകാരും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നു കുട്ടികള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ വീട് കണ്ടെത്താനുള്ള തിരക്കിലാണ്. വണ്ണപ്പുറം സ്‌കൂളിനെ കായികഭൂപടത്തില്‍ സ്ഥാനം നല്‍കിയ തോമസ് മാഷിനെയും കുട്ടികളെയും കൈവിടാന്‍ നാട്ടുകാരും മാതാപിതാക്കളും തയാറാല്ലെന്നു വ്യക്തമാക്കി കഴിഞ്ഞു. ദ്രോണാചാര്യ തോമസ് മാഷിന്റെ കീഴില്‍ നിരവധി വര്‍ഷങ്ങളായി വണ്ണപ്പുറമാണ് ജില്ലാ ചാമ്പ്യന്‍മാര്‍.

സംസ്ഥാന താരങ്ങളും ദേശീയതാരങ്ങളും മാഷിന്റെ ശിഷ്യരായി ഇവിടെയുണ്ട്. മറ്റൊരു സ്‌കൂളിലേക്കും ചേക്കേറാതെ ഇവര്‍ മാഷിനൊപ്പം നില്‍ക്കുകയാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന എണ്‍പതോളം കുട്ടികളും സ്‌കൂളില്‍ കായികരംഗത്തുള്ള കുട്ടികളും ചേര്‍ന്നാല്‍ 130 ഓളം കുട്ടികള്‍ മാഷിനൊപ്പം സ്‌കൂള്‍ വിടാനും തയാറായി നില്‍ക്കുകയാണ്.

ജില്ലയിലെ മൂന്നോളം സ്‌കൂളുകള്‍ ഇതിനകം മാഷുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഈ സ്‌കൂളുകള്‍ കായികരംഗത്തു വണ്ണപ്പുറത്തിനു പിന്നില്‍ വരുന്ന സ്‌കൂളുകളാണെന്ന പ്രത്യേകതയുണ്ട്. കുട്ടികളുടെ ഭാവി നോക്കി മാത്രമേ തോമസ് മാഷ് തീരുമാനമെടുക്കുകയുള്ളൂവെന്നു സ്‌കൂളിലെ കായിക അധ്യാപകനായ രാജാസ് തോമസ് അറിയിച്ചു.

കെ.പി. തോമസ് മാഷ് 2009-ല്‍ ഇവിടെ പരിശീലകനായി എത്തിയതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ താമസിച്ച് ഇദ്ദേഹത്തിനു കീഴില്‍ കായിക പരിശീലനം തേടിയിരുന്നു. 34 പെണ്‍കുട്ടികളും, 48 ആണ്‍കുട്ടികളും രണ്ട് കെട്ടിടങ്ങളിലായി താമസിക്കുന്നുണ്ട്.

കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നു കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരെ ഇവിടെ പരിശീലനത്തിനായി വന്നിട്ടുണ്ട്. മൂന്ന് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹായത്തോടെ പരിശീലനം തേടുന്ന കുട്ടികളും ഇവിടെയുണ്ട്. പത്തിലും പ്ലസ്ടുവിലുമായി പഠിക്കുന്ന നിരവധി കുട്ടികള്‍ ഈ ഹോസ്റ്റലില്‍ ഉണ്ട്, ഇവര്‍ക്ക് തുടര്‍ന്നും ഇവിടെ പഠിക്കാന്‍ സാധിച്ചില്ലേല്‍ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഹോസ്റ്റലില്‍ തങ്ങി പഠിക്കുന്ന കുട്ടികള്‍ അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന കായിക മേളകള്‍ക്കായുള്ള പരിശീലനത്തിനായിരുന്നു. ദേശീയ മേളകളില്‍ പങ്കെടുക്കുന്ന കുട്ടികളെ ഇതിനിടെയാണ് ഹോസ്റ്റലില്‍ നിന്നും കുട്ടികളെ മാറ്റണമെന്ന ഉത്തരവുണ്ടായത്. കഴിഞ്ഞ ദിവസം തോമസ് മാഷ് കുട്ടികളെ കാണരുതെന്നും ഹോസ്റ്റലില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നും മാറ്റുന്ന കുട്ടികള്‍ക്കായി വിവിധ ഷെല്‍ട്ടര്‍ ഹോമുകളില്‍ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ഷെല്‍ട്ടര്‍ ഹോമുകളില്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ വിവിധ മേഖലയിലെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിച്ചു കൊണ്ട് ഈ കു്ട്ടികള്‍ പരിശീലനം തേടുന്നതിനെ കുറിച്ചു മൗനം പാലിക്കുകയാണ്. എന്നാല്‍ പഠനവും പരിശീലനവും നഷ്ടപ്പെടാതെയിരിക്കാന്‍ കുട്ടികള്‍ക്കു വാഹനസൗകര്യം വരെ ഒരുക്കാന്‍ പോലീസ് തയാറായിട്ടുണ്ട്.

Related posts