തൊടുപുഴ: ജില്ലയില്‍ പ്രധാന ടൗണുകളിലെ വഴിയോര തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന നിലവാരമില്ലാത്ത വസ്ത്രങ്ങളാണിതെന്ന ആക്ഷേപവും ശക്തമാണ്. യാതൊരു ലൈസന്‍സുമില്ലാതെ പഴയ തുണികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. തോട്ടം മേഖലകളിലടക്കം ഇത്തരം കച്ചവടം വ്യാപകമാണ്.
കുറഞ്ഞ വിലയ്ക്ക് തുണി വില്‍പ്പന നടത്തുന്നതിനാല്‍ സാധാരണക്കാരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കാനും വഴിയോര കച്ചവടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിനിടെ ഇതരസംസ്ഥാന തുണി മാഫിയയ്ക്കെതിരേ ചെറുകിട വസ്ത്രവ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ജീവിതമാര്‍ഗത്തിനായി നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരായവര്‍ ഇത്തരം കച്ചവടങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തുണിവ്യാപാരികളും വലിയ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാപക വില്‍പ്പന തുടങ്ങിയതോടെയാണ് ഇവര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. തുണിക്കച്ചവടത്തിനു പിന്നില്‍ വന്‍ മാഫിയകളാണെന്നാണ് വ്യാപാരികളുടെ ആരോപണം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്‍ കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാര്‍മെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസും സ്ഥലത്തെത്തിയിരുന്നു.മുനിസിപ്പല്‍ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് ലോഡുകണക്കിനു തുണികളാണ് കണ്ടെത്തിയത്.
വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തുന്നതിനായി ബോഡിമെട്ടില്‍ നിന്നെത്തിച്ച വസ്ത്രങ്ങളായിരുന്നു ഇത്. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റെയും സാന്നിധ്യത്തില്‍ വാഹനം തിരിച്ചയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രശ്നം ഉന്നയിച്ച് വ്യാപാരികള്‍ തൊടുപുഴ ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
