ആദ്യം കരുതിയത് വിഷം കഴിച്ചുള്ള മരണമെന്ന്, വിശദ അന്വേഷണത്തില്‍ ജനറേറ്റര്‍ വിഷവാതകം ശ്വസിച്ചപ്പോഴെന്ന് കണ്ടെത്തി, ഞായറാഴ്ച രാത്രി ഇരുവരെയും സ്ഥാപനത്തില്‍ കണ്ടിരുന്നു, തൃശൂരിലെ ഡെന്റല്‍ സ്റ്റുഡിയോ ഉടമയുടെയും ജീവനക്കാരിയുടെയും മരണത്തില്‍ ദുരൂഹത

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപം ടിബി റോഡിലുള്ള ഷെമീന കോംപ്ലക്‌സിലെ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ സ്ഥാപന ഉടമയെയും ജീവനക്കാരിയായ യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി.

വിഷം കഴിച്ചാണ് മരിച്ചതെന്നാണു ആദ്യം സംശയിച്ചതെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നു പോലീസ് പറഞ്ഞു. വിശദമായ പരിശോധന നടന്നുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

സ്ഥാപന ഉടമ മുള്ളൂര്‍ക്കര വാഴക്കോട് അകമല പടിഞ്ഞാറെ കുഴികണ്ടത്തില്‍ ബിനു ജോയ് (32), ഗോവ സ്വദേശിനിയായ പൂജ (25)എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹങ്ങള്‍ കണ്ടത്. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര, എസിപി വി.കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.

ഫോറന്‍സിക് വിദഗ്ധരും സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഞായറാഴ്ച രാത്രി ഇരുവരെയും ഈ സ്ഥാപനത്തില്‍ കണ്ടവരുണ്ട്. ഉടമയുടെ കാറും പുറത്തുണ്ടായിരുന്നു. ഡെന്റല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഈ സ്ഥാപനം അടുത്തിടെയാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.

Related posts