ഒരു കെഎസ്ആര്‍ടിസി കഥയുമായി തച്ചങ്കരി ! നായകനായി മനസില്‍ കണ്ടിരിക്കുന്നത് ഫഹദ്ഫാസിലിനെ; പിരിച്ചു വിട്ട എംപാനല്‍ കണ്ടക്ടറാണ് നായിക; വില്ലന്റെ കാര്യത്തില്‍ സസ്‌പെന്‍സ്

ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന കാലം സംഭവബഹുലമായിരുന്നു. ചില്‍ ബസും ആളുകളുടെ ചങ്കായി മാറിയ ബസും തന്റെ കണ്ടക്ടര്‍ വേഷവും സ്റ്റേഷന്‍ മാസ്റ്റര്‍ കുപ്പായവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള കഥയാണു മനസിലെന്നു തച്ചങ്കരി പറഞ്ഞു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം കഥാപാത്രങ്ങളാകും. സിനിമയ്ക്കുവേണ്ട എല്ലാ ചേരുവയും ‘ആനവണ്ടി’യുടെ ഇന്നലെകളെക്കുറിച്ചുള്ള കഥയിലുണ്ടാകും. സംഭവം വെള്ളിത്തിരയില്‍ ഹിറ്റാകുമെന്ന പ്രതീക്ഷയുമുണ്ട്.

സിനിമയാകുമ്പോള്‍ പാട്ടെഴുതുന്നതും തച്ചങ്കരിതന്നെയാകും. നായകനായി തച്ചങ്കരിയുടെ മനസിലുള്ളതു ഫഹദ് ഫാസിലാണ്. പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടറാകും നായികാകഥാപാത്രം. തീപ്പൊരി ഡയലോഗുകള്‍ രഞ്ജി പണിക്കരുടെ വകയായിരിക്കുമെന്നാണു സൂചന. സിഎംഡിയെന്ന നിലയില്‍ തച്ചങ്കരിക്കു മികച്ച പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും ഒരു കഥാപാത്രമാകും. കഥയുടെ അവകാശത്തിനായി ചലച്ചിത്രമേഖലയിലുള്ള സുഹൃത്തുക്കള്‍ തച്ചങ്കരിയെ സമീപിച്ചുകഴിഞ്ഞു.

എം.ഡി. സ്ഥാനം ഒഴിഞ്ഞശേഷം അനുഭവക്കുറിപ്പുകള്‍ തയാറാക്കി.എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലേ അടുത്തഘട്ടത്തിലേക്കു കടക്കൂവെന്നാണ് തച്ചങ്കരിയുടെ നിലപാട്. കഥയിലെ നായകനും നായികയും പാട്ടും സംഭാഷണവുമൊക്കെ ഏറെക്കുറെ തീരുമാനമായെങ്കിലും വില്ലന്റെ കാര്യത്തില്‍ തച്ചങ്കരി മനസ് തുറക്കുന്നില്ല. അതാണ് സസ്പെന്‍സ്.

Related posts