നായാട്ടുകാരന്റെ മരണം കൊലപാതകമോ? സംഘത്തിന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു തോക്ക് അപ്രത്യക്ഷമായി, ടോണിയുടെ കൂട്ടുകാര്‍ കുടുങ്ങിയേക്കും

tonyകോതമംഗലം: തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടതു വെടിയേറ്റാണെന്നു സ്ഥിരീകരിച്ചെങ്കിലും എങ്ങനെയാണു വെടിയേറ്റതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. വെടിയേറ്റതു കൈയബദ്ധമാകാമെങ്കിലും പിന്നീട് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) വിന്റെ മകനും സിവില്‍ എന്‍ജിനീയറിംഗ്  ബിരുദധാരിയുമായ ടോണി (25) ആണു ബുധനാഴ്ച രാത്രി തട്ടേക്കാട് വനത്തില്‍ കൊല്ലപ്പെട്ടത്. വനത്തില്‍ നായാട്ടിനിടെയായിരുന്നു സംഭവം.

ടോണിയുടെ ഒപ്പമുണ്ടായിരുന്നതില്‍ ഒരാള്‍ കാട്ടാനയെ കണ്ടു വിരണ്ടോടി വലിയപാറയില്‍നിന്നു വിണ് പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സംഭവദിവസം അപകടസ്ഥലത്ത് ആദ്യം എത്തിയ രണ്ടു യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു ചോദ്യം ചെയ്യും. ടോണി കൊല്ലപ്പെട്ടസ്ഥലത്തുനിന്നു കണ്ടെത്തിയ തോക്കില്‍നിന്നു വെടിയുതിര്‍ത്തിട്ടില്ലെന്ന സംശയം ബലപ്പെടുകയാണ്. ഫോറന്‍സിക്ബാലസ്റ്റിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. ഇതു വ്യക്തമായാല്‍ സംഘത്തിന്റെ കൈവശം മറ്റൊരു തോക്ക് ഉണ്ടായിരുവെന്ന് കരുതണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ തോക്ക് മാറ്റിയതു തെളിവുനശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കണം. ടോണിയുടെ കൈവശമിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നയാള്‍ മൊഴി നല്‍കിയത്. ആറടിയോളം നീളമുള്ള തോക്ക് സ്വന്തം കൈയിലിരുന്ന് പൊട്ടിയാല്‍ കാലിന്റെ തുടയില്‍ വെടിയേറ്റത് എങ്ങനെയെന്നതു ദുരുഹത ഉളവാക്കുന്നു. കണ്ടെടുത്ത തോക്കില്‍നിന്ന് ഉതിര്‍ന്ന വെടിയുണ്ടകളാണോ പോസ്റ്റുമോര്‍ട്ടത്തില്‍ ടോണിയുടെ ശരീരത്തില്‍നിന്നു ലഭിച്ചതെന്നു വിദഗ്ധ പരിശോധനക്കു വിധേയമാക്കും. കണ്ടെടുത്ത തോക്ക് ഒടിഞ്ഞ നിലയിലായിരുന്നു. ഇത് കാട്ടാന ചവിട്ടി ഒടിഞ്ഞതാണോ അല്ലയോ എന്നതും പരിശോധിച്ച് വരികയാണ്. നായാട്ടു സംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരേ നിറയൊഴിച്ചതു തെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പരിശേധനകള്‍ നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. വനത്തില്‍ വച്ച് തോക്ക് നിറയ്ക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്നവരില്‍ ആര്‍ക്കെങ്കിലും കൈയബദ്ധം പറ്റിയതാണോയെന്നും പരിശോധിക്കും.

സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവരില്‍ പരിക്കേറ്റ ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍  സുഖപ്പെട്ടു വരുന്നതായും വരും ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നുമാണ് അറിയുന്നത്. ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ അപകടത്തില്‍പ്പെട്ട വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാനും ഇവരെ ആശുപത്രിയിലെത്തിക്കാനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അപകടസ്ഥലത്ത് ആദ്യം എത്തിയ ഞായപ്പിള്ളി സ്വദേശികളായ പാലമല റെജി, ഒളിവില്‍ കഴിയുന്ന ഷൈറ്റിന്റെ സഹോദരന്‍ ഷിബു എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മരി പാണ്ഡ്യനാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലയാറ്റൂര്‍ ഡിഎഫ്ഒ കെ. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

വനംവകുപ്പ് അധികൃതരുടെ അന്വേഷണത്തിനൊപ്പം സമാന്തരമായി പോലീസ് അന്വേഷണവും പുരോഗമിച്ചുവരികയാണ്. ഫോറന്‍സിക്  സയന്റിഫിക്ക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്‍, കുട്ടമ്പുഴ എസ്‌ഐ പി. ജംഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സയന്റിഫിക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പുകള്‍ക്ക് ശേഷം  പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് ഇന്നലെ രാവിലെ വിട്ടുനല്‍കിയ ടോണി മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഞായപ്പിളളി സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിച്ചു. വീട്ടുകാര്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ടോണി. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നായി വളരെയധികം പേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Related posts