ലക്ഷങ്ങളുടെ സ്വര്‍ണവും പണവും മോഷ്ടിച്ചിട്ട് സ്വന്തം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്ഥലത്ത് മറന്നു വെച്ച മരമണ്ടനായ കള്ളന് കിട്ടിയത് എട്ടിന്റെ പണി

മനോഹരമായി മോഷണവും നടത്തി എല്ലാം പൊടിതട്ടിയെടുത്ത് കൊണ്ടുപോയെങ്കിലും കള്ളന് പിഴച്ചു. ബംഗളൂരുവിലെ കള്ളനാണ് ഈ മണ്ടന്‍ കഥയിലെ നായകന്‍. മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ മറന്നുവച്ച കള്ളന്‍ പണി ക്ഷണിച്ചുവരുത്തുകയായിരുന്നു. കള്ളന്‍ ആദ്യം ചെയ്തത് വീട്ടിലെ വളര്‍ത്തു നായയെ മരുന്ന് കൊടുത്ത് മയക്കുകയായിരുന്നു. നായയുടെ ബോധം പോയതോടെ കള്ളന്‍ വീടിന്റെ പ്രധാന വാതില്‍ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. 3 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊത്തം കള്ളന്‍ കൊണ്ടുപോകുകയുണ്ടായി. എന്തായാലും കള്ളന് കുശാലായി.

കള്ളന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു മോഷണം തന്നെയായിരിയ്ക്കാം ഇത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, മോഷണത്തിനിടെ തിരക്കില്‍ മൊബൈല്‍ ഫോണ്‍ കള്ളന്‍ വീട്ടില്‍ വെച്ച് മറന്നു പോവുകയുണ്ടായി. ഇതിലും വലിയ തെളിവ് എന്തെങ്കിലും ഇനി വേണോ ഈ കള്ളനെ പിടിക്കാന്‍. ഒരു ഫിംഗര്‍പ്രിന്റ് വെച്ച് പോലും കള്ളനെ പിടിക്കുന്ന കാലമാണ് ഇന്ന്. പിന്നെയാണ് മൊബൈല്‍ ഫോണ്‍.

ഉടമസ്ഥന്‍ വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു ഈ സംഭവം അരങ്ങേറിയത്. വീട്ടില്‍ തിരിച്ചെത്തിയ ഉടമസ്ഥന്‍ പണവും സ്വര്‍ണ്ണവുമെല്ലാം മോഷ്ടിക്കപ്പെട്ട നിലയില്‍ കണ്ടതോടെ കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് വന്നു വീട് പരിശോധിച്ചപ്പോഴാണ് വീട്ടിലെ ആരുടേയും അല്ലാത്ത ഒരു മൊബൈല്‍ ഫോണ്‍ ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. കള്ളനെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് പറയുന്നത്.

Related posts