കോഴിക്കോട്: യശ്വന്ത്പുര്-കണ്ണൂര് എക്സ്പ്രസില് വന് കവര്ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും സ്വര്ണാഭരണങ്ങളും ഉള്പ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ഇന്ന് പുലര്ച്ചെ സേലത്തിനും ധര്മപുരിക്കും മധ്യേയായിരുന്നു സംഭവം. കർണാടകയിലെ യശ്വന്ത് പുരില്നിന്നു കണ്ണൂരിലേക്കു കഴിഞ്ഞ ദിവസം രാത്രി എട്ടിന് പുറപ്പെട്ട ട്രെയിനിന്റെ എസി കോച്ചുകളില് യാത്രചെയ്തിരുന്ന ഇരുപതോളം യാത്രക്കാരാണ് കവര്ച്ചയ്ക്കിരയായത്. ഇവരിലധികവും മലയാളികളാണ്. സംഭവസമയം പലരും നല്ല ഉറക്കത്തിലായിരുന്നു.
യാത്രക്കാരുടെ ആഭരണങ്ങളും പാന്റസിന്റെ പോക്കറ്റുകളിലും ഹാന്ഡ് ബാഗുകളിലും സൂക്ഷിച്ചിരുന്ന ഫോണുകളും പണവുമാണ് നഷ്ടപ്പെട്ടത്. കവര്ന്ന ബാഗുകള് ട്രെയിനിലെ ശുചിമുറിയില് ഉപേക്ഷിച്ചനിലയില് കണ്ടെത്തി. യാത്രക്കാരിയായ ഒരു പെണ്കുട്ടിയുടെ ഒന്നേകാല് ലക്ഷം വിലയുള്ള ഐ ഫോണ് ഉള്പ്പെടെ നഷ്ടമായതായി അറിയുന്നു. യാത്രക്കാര് ഉറക്കമുണര്ന്നപ്പോഴാണ് കവര്ച്ചയ്ക്കിരയായ വിവരമറിഞ്ഞത്. തുടര്ന്ന് ഇവര് പരാതി നല്കാന് ഈറോഡ് സ്റ്റേഷനില് ഇറങ്ങി.
ട്രെയിനിലെ കോച്ചില് സംശയാസ്പദമായി ആരെയും കണ്ടിരുന്നില്ലെന്നാണ് യാത്രക്കാര് പറയുന്നത്. തികച്ചും ആസൂത്രിതമായ കവര്ച്ചയാണ് നടന്നതെന്ന് ആര്പിഎഫും പറയുന്നു. ഒന്നിലധികം പേര് സംഘം ചേര്ന്ന് നടത്തിയ മോഷണമാണിതെന്നാണ് നിഗമനം. പ്രാഥമിക പരിശോധനകള്ക്കുശേഷം ട്രെയിന് സര്വീസ് തുടര്ന്നു. നാളെ രാവിലെ എട്ടിന് കണ്ണൂരില് എത്തുന്ന ട്രെയിനാണിത്.
യാത്രക്കാരുടെ ഫോണ് ലൊക്കേഷന് ട്രേസ് ചെയ്തതില്നിന്ന് കവര്ച്ചാസംഘം സേലം കേന്ദ്രീകരിച്ചാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. പല ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. പെരുന്നാള് ആഘോഷിക്കാന് നാട്ടിലേക്ക് പുറപെട്ടവര്ക്ക് ഉള്പ്പെടെ പണവും സാധനങ്ങളും നഷ്ടമായിട്ടുണ്ട്.ട്രെയിനിനുള്ളിലെ യാത്രക്കാരല്ല േമാഷണം നടത്തിയതെന്ന നിഗമനത്തില് വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് റെയില്വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യശ്വന്ത് പൂരില്നിന്നു പുറപ്പെട്ട ട്രെയിനില് ജനറല് കോച്ചുകളില് ഉള്പ്പെടെ വലിയ തിരക്കായിരുന്നു. പനസ് വാഡി, കാര്മെല്റാം, ഹോസൂള്, ധര്മപുരി, എന്നീ സ്റ്റേഷനുകള് കഴിഞ്ഞാണ് സേലത്തെത്തിയത്. ഈ സ്റ്റേഷനുകളിലെ ദുശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പെരുന്നാള്, വിഷു അവധിക്കാലമായതിനാല് നിരവധി മലയാളികള് ആശ്രയിക്കുന്ന ട്രെയിനാണിത്.