കെട്ടിടവാടക നൽകാൻ മറന്നു! വിവാഹത്തിന് നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടങ്ങി

കുവൈത്ത് സിറ്റി: കെട്ടിടവാടക നൽകാൻ വിട്ടുപോയത് വിവാഹത്തിനായി നാട്ടിലേക്കു തിരിച്ച യുവാവിന്റെ യാത്രമുടക്കി.

നിശ്ചയിച്ച ദിവസം നാട്ടിലെത്താൻ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി. ഒടുവിൽ കെ.കെ.എം.എ നേതാക്കൾ ഇടപെട്ട് യാത്രാവിലക്ക് നീക്കി.

കോഴിക്കോട് ഫറോക്ക് സ്വദേശി അരുൺകുമാറിനാണ് വാടകയുടെ പേരിൽ സ്വന്തം വിവാഹദിവസം നാട്ടിലെത്താൻ കഴിയാതിരുന്നത്.

ഈ മാസം 16നാണ് അരുൺകുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുൺകുമാർ വിമാനത്താവളത്തിലെത്തി.

മറ്റു നടപടികൾ പൂർത്തിയാക്കി ലഗേജ് വിട്ടു. എന്നാൽ, എമിഗ്രേഷൻ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്. 

കോവിഡ് സമയത്ത് എട്ടുമാസം അരുൺകുമാർ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നൽകിയിരുന്നില്ല.

പ്രശ്നങ്ങൾ അവസാനിച്ച് വീണ്ടും കുവൈത്തിൽ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല.

ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുൺകുമാറിന്റെ ധാരണ. എന്നാൽ, വിമാനത്താവളത്തിലെത്തിയതോടെ അത് പുലിവാലായെത്തി.

1031 ദീനാറാണ് അടക്കാനുണ്ടായിരുന്നത്. കോടതിയിൽ സംഖ്യ കെട്ടിവെക്കാൻ വിമാനത്താവളത്തിൽനിന്ന് അറിയിച്ചതോടെ അരുൺകുമാറിന് മടങ്ങേണ്ടിവന്നു.

തുടർന്ന് വിഷയത്തിൽ, ലോയർ ഓഫിസിൽ ജോലിചെയ്യുന്ന കെ.കെ.എം.എ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി ഇടപെടുകയായിരുന്നു.

കെ.കെ.എം.എ കേന്ദ്ര വൈസ് പ്രസിഡന്റ് സുൽഫിക്കർ ഫർവാനിയയാണ് സംഭവം ശ്രദ്ധയിൽപെടുത്തിയത്.

എന്നാൽ, വെള്ളി, ശനി ദിവസങ്ങളിൽ അവധിയായതിനാൽ തുക അടക്കാനായില്ല. ഞായറാഴ്ച തുക കെട്ടിവെക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്തു. 

തിങ്കളാഴ്ച എയർ ഇന്ത്യ എക്സ്പ്രസിൽ അരുൺകുമാർ നാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച നടക്കാതെപോയ വിവാഹം ബുധനാഴ്ച നടക്കും. വർഷങ്ങളായി കുവൈത്തിലുള്ള അരുൺകുമാർ ബോട്ടികാത്ത് കമ്പനി ജീവനക്കാരനാണ്.

Related posts

Leave a Comment