വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും ഇറേനിയൻ സൈനിക ശേഷി സംബന്ധിച്ച അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ്.
ഇറേനിയൻ സൈനിക ശേഷി ദുർബലമായെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഇറേനിയൻ സൈനിക ശേഷി തകർത്തെന്നും, ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറേനിയൻ സായുധസേന ദുർബലമായെന്നും ട്രംപ് തുടരെ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഇറേനിയൻ സൈനിക ശേഷി ശക്തമാണെന്ന് ആയിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ട്രംപ് വെടിനിർത്തൽ കരാർ നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥനയെ തുടർന്നാണ് വെടിനിർത്തൽ നീട്ടിയതെന്നായിരുന്നു ട്രംപിന്റെ വാദം. വെടിനിർത്തൽ നീട്ടാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഏത് ഭീഷണികൾക്കും ശത്രുതാപരമായ നടപടികൾക്കും പ്രതികരിക്കാൻ തങ്ങൾ തയാറാണെന്നും ഇറാൻ അറിയിച്ചിരുന്നു.
