ന്യൂയോർക്ക്: എൻവിഡിയ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാംഗ് രാജിവച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് പിന്നാലെയായിരുന്നു ജെൻസൻ ഹുവാംഗിന്റെ നിർണായക തീരുമാനം. രാജി ഉടൻ പ്രാബല്യത്തിൽ വന്നതായും കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. പുതിയ സിഇഒയെ കണ്ടെത്തുന്നതു കൊളെറ്റ് ചുമതല നിർവഹിക്കും. ചൈനീസ് ചാരവനിത എന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാംഗുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് ജെൻസൻ ഹുവാംഗ് രാജിവച്ചത്.
ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്ന് അമേരിക്കൻ അധികൃതരുടെ നിരീക്ഷണത്തിലുള്ള വനിതയുമായി ഹുവാംഗിന് ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
എൻവിഡിയയുടെ സഹസ്ഥാപകനായ ഹുവാംഗിന് കമ്പനിയിൽ 3.61 ശതമാനം ഓഹരിയുണ്ട്. കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനാണ് അദ്ദേഹം. ഹുവാംഗിനെ സ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡയറക്ടർ ബോർഡ് യോഗം ചേർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
മുൻ എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗിന് മറ്റൊരു ജീവനക്കാരിയുമായും ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ട്
വാഷിംഗ്ടൺ: അടുത്തിടെ സ്ഥാനമൊഴിഞ്ഞ എൻവിഡിയ സിഇഒ ജെൻസൻ ഹുവാംഗിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിഷയവുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തൽ.
നേരത്തെ പുറത്തുവന്ന രണ്ട് വിവാഹേതര ബന്ധങ്ങളെത്തുടർന്ന് വ്യാഴാഴ്ചയാണ് ജെൻസൻ ഹുവാംഗ് സിഇഒ സ്ഥാനം രാജിവെച്ചത്. ചൈനീസ് ചാരയാണെന്ന് യുഎസ് ഇന്റലിജൻസ് സംശയിക്കുന്ന ആലീസ് ഹുവാംഗ്, എൻവിഡിയയുടെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവൽ എന്നിവരുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ജീവനക്കാരിയുമായുള്ള ബന്ധത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്. ഈ ജീവനക്കാരിയുടെ പേര് വിവരങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടില്ല.
ആലീസ് ഹുവാംഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, നവംബർ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ ജെൻസൻ ഹുവാംഗ് തനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചിരുന്നു. എന്നാൽ ആരുടെയും പേര് അദ്ദേഹം പരാമർശിച്ചിരുന്നില്ല.
വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ജെൻസൻ ഹുവാംഗിനെ ലക്ഷ്യമിട്ടിരുന്നോ എന്നതിനെക്കുറിച്ച് എൻവിഡിയ ബോർഡ് ഈ മാസം ആദ്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രാജിക്ക് പിന്നാലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസിനെ കമ്പനിയുടെ ഇടക്കാല സിഇഒ ആയി നിയമിച്ചിട്ടുണ്ട്.
ആഗോള നിർമിതബുദ്ധി വിപണിയിൽ നിർണായക സ്വാധീനമുള്ള ജെൻസൻ ഹുവാംഗിന്റെ രാജി ഈ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. വ്യാഴാഴ്ച എൻവിഡിയ ഓഹരികൾ 5.5 ശതമാനം ഇടിഞ്ഞു. ഒക്ടോബർ ആദ്യവാരത്തിലെ ഉയർന്ന നിരക്കിൽ നിന്നും കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഇതുവരെ 30 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാൻ എൻവിഡിയയോ ജെൻസൻ ഹുവാംഗോ തയ്യാറായിട്ടില്ല.
ജെൻസൻ ഔട്ട്; ഇനി എന്ത്?
ചൈനാക്കാരിക്കു പുറമേ കീഴ്ജീവനക്കാരിയുമായും അവിഹിതം. എൻവിഡിയ മേധാവി ജെൻസൻ ഹുവാംഗിനു കസേര നഷ്ടമായി. കലിഫോർണിയൻ സമയം ബുധനാഴ്ച രാത്രി (ഇന്ത്യയിൽ വ്യാഴം പകൽ) നടന്ന എൻവിഡിയ ഡയറക്ടർ ബോർഡ് കമ്പനിയുടെ സഹസ്ഥാപകന് രാജിവയ്ക്കാൻ അവസരം നൽകി. പുറത്താക്കപ്പെടൽ എന്ന അപമാനം ഒഴിവാക്കി. ലോകം അറിയുന്ന എൻവിഡിയ എന്നതു ജെൻസന്റെ കമ്പനിയാണ്. എൻവിഡിയ സമം ജെൻസൻ എന്നർഥം. കംപ്യൂട്ടർ ഗെയിമുകൾ നിർമിച്ചിരുന്ന കമ്പനിയെ നിർമിത ബുദ്ധി (എഐ) യുടെ സിരാകേന്ദ്രമായി വളർത്തിയത് അദ്ദേഹമാണ്. ബോർഡ് അദ്ദേഹത്തോട് മര്യാദ കാണിച്ചു.
രാജിവച്ചില്ലെങ്കിൽ പുറത്താക്കൽ അല്ലാതെ ബോർഡിനു മാർഗമില്ലായിരുന്നു. എൻവിഡിയ കമ്പനിയുടെ ചട്ടപ്രകാരം ബോർഡിനു ഭൂരിപക്ഷ തീരുമാനപ്രകാരം സിഇഒയെ പിരിച്ചുവിടാം. കാരണംപോലും വിശദീകരിക്കേണ്ട. കമ്പനിയിൽ 3.6 ശതമാനം മാത്രം ഓഹരിയുള്ള ജെൻസന് സമ്മർദം ചെലുത്താൻ വഴികളുണ്ടായിരുന്നില്ല.
പെരുമാറ്റച്ചട്ടലംഘനം
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്ത പുതിയ അവിഹിതം അദ്ദേഹത്തിനെതിരേ നടപടി എടുക്കാൻ കമ്പനിയെ നിർബന്ധിക്കുകയായിരുന്നു. കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിന്റെ പ്രത്യക്ഷ ലംഘനമാണ് ആ ബന്ധം. 2008ൽ കമ്പനിയിൽ ചേർന്ന് ഇപ്പോൾ ഹെൽത്ത് ഡിവിഷന്റെ ആഗോള ചുമതല വഹിക്കുന്ന കിംബർലി പവലുമായാണു ബന്ധം. വിവാഹിതയായ കിംബർലി എന്ന നാൽപത്തൊമ്പതുകാരിയുമൊത്തു സാൻ ഹൊസെയിലെ ഹോട്ടലിലും മറ്റും ജെൻസൻ തങ്ങി. വൈസ് പ്രസിഡന്റ് പദവിയിലുള്ള അവർ ജെൻസനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന മാനേജരാണ്.
ആലീസ് ഹുവാംഗ് ചൈനയിൽ
സിംഗപ്പുരിലെ മെഗാസ്പീഡ് കമ്പനിയുടെ സിഇഒ എന്ന നിലയിൽ പരിചയപ്പെട്ട ആലീസ് ഹുവാംഗുമായി ജെൻസൻ മൂന്നു വർഷമായി ബന്ധത്തിലാണ്. എൻവിഡിയയുടെ ഗ്രാഫിക് പ്രോസസറുകൾ വാങ്ങിയ ആലീസ് ചൈനയുടെ ചാരവനിതയാണെന്നു യുഎസ് ഇന്റലിജൻസ് വിലയിരുത്തുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതറിയിച്ചിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല. ഒക്ടോബർ അവസാനം ന്യൂയോർക്ക് ടൈംസും വാൾ സ്ട്രീറ്റ് ജേണലും അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതോടെയാണു വിഷയം പൊതു സമൂഹത്തിൽ വന്നത്.
ആലീസ് ഹുവാംഗ് ഇപ്പോൾ മെഗാസ്പീഡിലും സിംഗപ്പുരിലും ഇല്ല. അവർ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ ഉണ്ടെന്നു ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാരപ്പണിയെപ്പറ്റി അമേരിക്കൻ എഫ്ബിഐ അന്വേഷക്കുന്നുണ്ട്.
ജോബ്സ് പോയപ്പോൾ
1985ൽ ആപ്പിൾ കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ്സിനെ നീക്കിയപ്പോൾ അദ്ദേഹം വേറെ കമ്പനി ഉണ്ടാക്കി. ജോബ്സിന്റെ ഏകാധിപത്യ പ്രവണതയുടെ പേരിലായിരുന്നു നീക്കം ചെയ്യൽ. 12 വർഷത്തിനു ശേഷം ആപ്പിൾ പാപ്പരത്തത്തിന്റെ വക്കിലായി. ജോബ്സിനെ പുതിയ കമ്പനി സഹിതം വാങ്ങിയാണു കമ്പനി രക്ഷപ്പെട്ടത്. പിന്നീട് ആപ്പിൾ ലോകത്തിലെ ഏറ്റവും വിലപ്പെട്ട കമ്പനിയായി. (എൻവിഡിയ കൈയടക്കിയ ആ പദവി ആപ്പിൾ ഈയിടെ തിരിച്ചു പിടിച്ചു).
രാജിയിലൂടെ ജെൻസന് സ്വന്തം സംരംഭം തുടങ്ങാനോ വേറേ കമ്പനിയിൽ ചേരാനോ ഉള്ള സാധ്യത നിലനിൽക്കുകയാണ്. എഐ മേഖലയുടെ ഗതിവിഗതികൾ കൃത്യമായി പ്രവചിക്കാൻ ജെൻസനോളം കഴിവുള്ള മറ്റാരും ഇന്നില്ല. ജെൻസനെ ജോലിക്കെടുക്കുന്നതു വലിയ ബഹുമതിയായി കണക്കാക്കുമെന്നു ടെസ്ല മേധാവി ഇലോൺ മസ്ക് ഇന്നലെ പറഞ്ഞതു ശ്രദ്ധേയമാണ്. എന്നാൽ ലോകാഭിപ്രായത്തെ മറികടന്ന് അദ്ദേഹത്തെ ജോലിക്കെടുക്കാൻ മസ്ക് തുനിയും എന്നു തോന്നുന്നില്ല. എൻവിഡിയ വിട്ട് ഒരു ഭാവി ജെൻസൻ ഇതു വരെയും ചിന്തിച്ചിട്ടില്ല. അതുകൊണ്ടു തീരുമാനം വൈകുമെന്നു ന്യായമായും കരുതാം.
ഇടക്കാല സിഇഒ കോളറ്റ് ക്രെസ്
അപ്രതീക്ഷിതമായ ഈ സാഹചര്യത്തിൽ ബോർഡ് ഇടക്കാല സിഇഒ ആയി കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) കോളറ്റ് ക്രെസിനെ നിയമിച്ചു. സ്ഥിരം സിഇഒയെ സാവധാനം കണ്ടെത്തും. സിഇഒയെ കണ്ടെത്താൻ ഒരു പ്രമുഖ റിക്രൂട്ട്മെന്റ് കൺസൾട്ടൻസിയുമായി കമ്പനി ബന്ധം സ്ഥാപിച്ചു എന്നു റിപ്പോർട്ടുണ്ട്.
സിസ്കോ, മൈക്രോസോഫ്റ്റ്, ടെക്സസ് ഇൻസ്ട്രമെന്റ്സ് തുടങ്ങിയ ടെക് കമ്പനികളിൽ ധനകാര്യ ചുമതല വഹിച്ചിട്ടുണ്ട് അമ്പത്തൊമ്പതുകാരിയായ ക്രെസ്. എൻവിഡിയയിൽ വന്നിട്ട് 13 വർഷമായി. കമ്പനി റിസൽട്ടുകൾ പ്രസിദ്ധീകരിക്കുമ്പോൾ സിഇഒയ്ക്ക് ഒപ്പം വിശദീകരണത്തിനു സന്നിഹിതയായിരുന്ന ക്രെസ് മാധ്യമങ്ങളിൽ പരിചിതയാണ്. 17ന് കമ്പനിയുടെ മൂന്നാം പാദ റിസൽട്ട് പുറത്തുവിടണം. അതു സ്റ്റോക്ക് അനലിസ്റ്റുകളോടു വിശദീകരിക്കാൻ സിഎഫ്ഒയാണു വിദഗ്ധ.
ഇയാൻ ബക്ക് എന്ന പ്രതിഭ
ക്രോസിനെ സ്ഥിരപ്പെടുത്തുന്നില്ലെങ്കിൽ സിഇഒ ആകാൻ പരിഗണിക്കാവുന്ന ആളാണ് കമ്പനിയിലെ പ്രമുഖ എൻജിനിയർ ഇയാൻ ബക്ക്. എൻവിഡിയയുടെ സ്വന്തം സോഫ്റ്റ്വേർ സിസ്റ്റമായ കൂഡ (CUDA) യുടെ ആർക്കിടെക്റ്റ് ബക്കാണ്. കമ്പനിയുടെ ഹൈപ്പർ സ്കെയിൽ ഹാർഡ്വേർ, സോഫ്റ്റ്വേർ ഉത്പന്നങ്ങളുടെ മേധാവിയാണ്. ജെൻസനെപ്പോലെ എൻജിനിയറിംഗ് പശ്ചാത്തലമുള്ള ബക്ക് കമ്പനി മേധാവിയാകുന്നതാണു നിക്ഷേപക സ്ഥാപനങ്ങൾക്കും ഇഷ്ടം. ആരു മേധാവിയായാലും ജെൻസനുമായി താരതമ്യം ചെയ്തു മാത്രമേ വിപണി പ്രതികരിക്കൂ. കുറേക്കാലത്തേക്ക് അതു നെഗറ്റീവ് ആയിരിക്കും.
മലയാളിയും പട്ടികയിൽ
അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) മേധാവിയും ജെൻസന്റെ കസിൻ സഹോദരിയുമായ ലിസാ സൂ, എൻവിഡിയയിൽനിന്നു പോയി ആം ഹോൾഡിംഗ്സ് സിഇഒ ആയ റെനെ ഹാസ്, എൻവിഡിയയുടെ ആദ്യ മാർക്കറ്റിംഗ് മാനേജരും ഇപ്പോൾ സീനിയർ വൈസ് പ്രസിഡന്റുമായ ജെഫ് ഫിഷർ, സീനിയർ ഡയറക്ടറും ജെൻസന്റെ മകളുമായ മാഡിസൺ ഹുവാംഗ്, ഗൂഗിൾ ക്ലൗഡ് സിഇഒയും മലയാളിയുമായ തോമസ് കുര്യൻ, ആമസോൺ വെബ് സർവീസ് സിഇഒ മാറ്റ് ഗാർമൻ തുടങ്ങിയവരുടെ പേരുകളും സിഇഒ ആകാൻ സാധ്യതയുള്ളവയായി ‘ബിസിനസ് ഇൻസൈഡർ’ റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ ക്ലൗഡിനെ ലാഭത്തിലാക്കിയ തോമസ് കുര്യൻ മുമ്പ് ഓറക്കിളിലും മക്കിൻസിയിലും പ്രവർത്തിച്ചിട്ടുണ്ട്. തോമസിന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യൻ നെറ്റ് ആപ്പ് കമ്പനിയുടെ സിഇഒ ആണ്. ഇതിനിടെ ചാരക്കഥ പരത്തി ചൈനയിലേക്കു ജിപിയു അടക്കമുള്ള എഐ ടെക് കയറ്റുമതി തടയാൻ ശ്രമിക്കരുതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തയാഴ്ച പ്രസിഡന്റ് ട്രംപ് ബെയ്ജിംഗിൽ എത്താനിരിക്കുകയാണ്. കയറ്റുമതി നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡന്റ് ഷി ചിൻപിംഗ് ആവശ്യപ്പെടാനിരിക്കേയാണു പുതിയ സംഭവവികാസങ്ങൾ.
പുരാതനമായ കെണി
കഴിഞ്ഞ മാസം ആദ്യം എൻവിഡിയ ഓഹരിക്ക് 242 ഡോളർ വിലയുണ്ടായിരുന്നു. കമ്പനിയുടെ മൊത്തം വിപണിമൂല്യം 5.84 ലക്ഷം കോടി ഡോളറിൽ (560 ലക്ഷം കോടി രൂപ) എത്തി. ലോകത്തിലെ ഏറ്റവും വിലയേറിയ കമ്പനി. ഇന്നു വിപണി തുടങ്ങുന്നതിനു മുൻപ് ഓഹരിവില 150 ഡോളർ.
വിപണിമൂല്യം 3.5 ലക്ഷം കോടി ഡോളർ. ഒരു മാസം കൊണ്ടു നഷ്ടം 40 ശതമാനം അഥവാ 2.34 ലക്ഷം കോടി ഡോളർ. ഒന്നാം സ്ഥാനത്തുനിന്നുള്ള വലിയ പതനം ഇവിടെ നിൽക്കുമോ എന്നു വിപണി തുറന്ന ശേഷമേ അറിയാനാകൂ. ചുരുങ്ങിയ കാലംകൊണ്ട് അചിന്ത്യമായ വളർച്ച ഉണ്ടാക്കിയ ഒരു ബിസിനസ് പ്രതിഭ ചിരപുരാതനായ കെണിയിൽപെട്ടതിന്റെ വില. സമീപകാല ബിസിനസ് ചരിത്രത്തിലെ ഏറ്റവും വലിയ പതനം.
