വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള സംഘർഷം ആണവയുദ്ധത്തിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ സമാധാന കരാറിനു തയാറാകാൻ ടെഹ്റാനു മുന്നിലുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പു നൽകി. മേഖലയിൽ മൂന്നാമതൊരു യുഎസ് വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാനെതിരേ ആണവായുധങ്ങൾ പ്രയോഗിക്കാൻ തനിക്കു പദ്ധതിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞാൻ എന്തിന് ആണവായുധം ഉപയോഗിക്കണം? സാധാരണ ആയുധങ്ങൾ ഉപയോഗിച്ചുതന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടില്ല…’ ട്രംപ് പറഞ്ഞു.
ഇറാന്റെ സൈനികശേഷി ഇതിനോടകം തകർന്നെന്നും അമേരിക്കൻ ഉപരോധം ശക്തമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിനു സമയം കുറവാണെന്നും സമാധാന കരാറിനു തയാറായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പു നൽകി.
രണ്ടാഴ്ച മുമ്പു നിലവിൽവന്ന താത്കാലിക വെടിനിർത്തലിനു ശേഷം ആദ്യമായി ടെഹ്റാനിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഇറാനെതിരേ നിലവിൽ ആക്രമണം നടത്തുന്നില്ലെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ലോകത്തെ എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നു കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ചൊല്ലിയാണു നിലവിൽ തർക്കം രൂക്ഷമായിരിക്കുന്നത്. യുദ്ധത്തിനു തിരിച്ചടിയായി ഇറാൻ ജലപാത അടച്ചിരിക്കുകയാണ്.
അതിനിടെ, മേഖലയിൽ സൈനികസാന്നിധ്യം യുഎസ് ശക്തമാക്കി. “യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ്’ എന്ന വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതോടെ പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നു കൂറ്റൻ യുദ്ധക്കപ്പലുകളാണു നിലയുറപ്പിച്ചിരിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണ കടത്തിയ കപ്പലുകൾ യുഎസ് സേന പിടിച്ചെടുത്തതും, കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നതും മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ പാകുന്ന ബോട്ടുകളെ വെടിവച്ചിടാൻ നാവികസേനയ്ക്ക് കർശന നിർദേശം നൽകിയതായും ട്രംപ് ആവർത്തിച്ചു. ഒരു വശത്ത് വെടിനിർത്തൽ തുടരുമ്പോഴും ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നുവെന്നാണ് പശ്ചിമേഷ്യയിൽനിന്നുള്ള പുതിയ വിവരങ്ങൾ.
