വാഷിംഗ്ടൺ ഡിസി: ഇറാനുനേരേ നടത്താനിരുന്ന ഏറ്റവും വലിയ വ്യോമാക്രമണ പരമ്പരയിൽ നിന്നു പിന്മാറാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു ശക്തമായ മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണവുമായി മുന്നോട്ടുപോയാൽ ഇസ്രയേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും അമേരിക്കയുടെ പിന്തുണ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഇറാനിലെ ഡസൻ കണക്കിനു തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണത്തിനു തയാറെടുത്തിരുന്നു. ഇതിനിടയിലാണ് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടതെന്ന് പ്രമുഖ യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഫോൺ സംഭാഷണത്തിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും, ഇറാൻ ഭാഗത്തുനിന്ന് ഇനി ആക്രമണം ഉണ്ടാകാത്ത പക്ഷം തത്കാലം പിന്മാറാമെന്ന് നെതന്യാഹു സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇസ്രയേൽ സൈനിക കമാൻഡർമാർക്ക് ആക്രമണം റദ്ദാക്കാനുള്ള നിർദേശം നെതന്യാഹു നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിയതിനു പിന്നാലെ, തത്കാലത്തേക്കു പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ഇറാനും ഇസ്രയേലും അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ അയച്ചത്.
ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ വീണ്ടും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാൻ വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ പൂർണശക്തിയോടെ മറുപടി നൽകുമെന്ന് നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലെബനനിലെ സൈനിക നീക്കങ്ങൾ തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രിയും വ്യക്തമാക്കി.
നിലവിലെ സംഭവവികാസങ്ങൾ വാഷിംഗ്ടണിന്റെയും ടെൽ അവീവിന്റെയും തന്ത്രപരമായ താത്പര്യങ്ങൾ തമ്മിലുള്ള വലിയ അകൽച്ചയാണു കാണിക്കുന്നതെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ട്രംപിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയ താത്പര്യങ്ങൾ പരസ്പരവിരുദ്ധമായി മാറുകയാണ്. “ഇസ്രയേലിൽ രാഷ്ട്രീയമായി നിലനിൽക്കാൻ നെതന്യാഹുവിന് യുദ്ധം തുടരേണ്ടതുണ്ട്. എന്നാൽ അമേരിക്കയിൽ നിലനിൽക്കാൻ ട്രംപിന് യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ട്.’ യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
