ന്യൂഡൽഹി: ഭീകരസംഘടനകൾക്ക് “ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന പേരു നൽകിയ പാക്കിസ്ഥാന്റെ നടപടിക്കെതിരേ യുഎൻ രക്ഷാസമിതിയിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാക്കിസ്ഥാൻ എന്നത് “വെറുപ്പിന്റെ ഫാക്ടറി’യാണെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരപ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി കുറ്റപ്പെടുത്തി.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ “ഫിത്ന അൽ ഹിന്ദുസ്ഥാൻ’ എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാൻ പാക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുടെ കടുത്ത മറുപടി. മതപരമായ പദാവലികൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
“അധികാരത്തിൽ തുടരുന്നതിനും രാജ്യത്തിന്റെ വിഭവങ്ങൾ നിയന്ത്രിക്കുന്നതിനും വേണ്ടി, പാക് ഭരണകൂടം തങ്ങളുടെ പൗരന്മാരെ ഇന്ത്യൻ ജനതയെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക തകർച്ചകളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പാക്കിസ്ഥാന്റെ വെറുപ്പ് എന്ന തന്ത്രത്തിന്റെ ഫലമാണിത്…’ ഹരീഷ് പർവതനേനി വ്യക്തമാക്കി.
പാക്കിസ്ഥാനിലെ നിലവിലെ ഭരണനേതൃത്വത്തെയും ഇന്ത്യ ശക്തമായി വിമർശിച്ചു. കഴിഞ്ഞവർഷം ജനറൽ അസിം മുനീറിനെ അഞ്ച് വർഷത്തെ കാലാവധിയിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമിച്ചതിനെ “സൈനിക അട്ടിമറി’ എന്നാണ് ഇന്ത്യൻ പ്രതിനിധി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെയാണ് പാക്കിസ്ഥാൻ ഈ പദവി സൃഷ്ടിച്ചത്.
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന വ്യോമാക്രമണങ്ങളെയും ഇന്ത്യ അപലപിച്ചു. ഈ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. “ഒരു കൂട്ടക്കൊലയെ സൈനിക നടപടിയെന്ന് വിളിച്ച് ന്യായീകരിച്ചതുകൊണ്ട് കുറ്റകൃത്യം ഇല്ലാതാകുന്നില്ല. സാധാരണക്കാരെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും അനാഥരാക്കുന്നതും ഭീകരവിരുദ്ധ പ്രവർത്തനമല്ല…’ പർവതനേനി വ്യക്തമാക്കി. സ്വന്തം പരാജയങ്ങൾക്ക് അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ പഴയ ശീലമാണെന്നും ഇത്തരം തന്ത്രങ്ങൾ ഇനി വിജയിക്കില്ലെന്നും ഇന്ത്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.
