വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷ സെനറ്റിൽ 47ന് എതിരേ 53 വോട്ടുകൾക്കാണു പ്രമേയം പരാജയപ്പെട്ടത്. കെന്റക്കിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ പെൻസിൽവാനിയിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ എതിർത്ത് വോട്ട് ചെയ്തു.
ഇറാനെതിരായ ആക്രമണം തടയാനും യുദ്ധത്തിനു കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയമാണു പരാജയപ്പെട്ടത്. കുറഞ്ഞത് 50 പേർ പിന്തുണച്ചാലേ ബിൽ പാസാകുമായിരുന്നുള്ളൂ. ഇതോടെ, ഇറാനെതിരായ പോരാട്ടം തുടരാൻ ട്രംപിനു കഴിയും. ഇതിനിടെ യുദ്ധം എട്ടാഴ്ചയോളം നീണ്ടേക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.
യുദ്ധം ദിവസങ്ങൾക്കകം തീർക്കാമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായാണ് ഈ പ്രസ്താവനയെ കാണുന്നത്. ഇറാന്റെ വ്യോമപ്രതിരോധം അമേരിക്ക തകർത്തെങ്കിലും അവർക്ക് ഇപ്പോഴും മിസൈൽ ആക്രമണം നടത്താൻ കഴിയുമെന്ന് അദ്ദേഹം സമ്മതിച്ചു. അപകടസാധ്യത ഇപ്പോഴും ഉയർന്നതാണെന്നു ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അതേ പത്രസമ്മേളനത്തിൽ പറഞ്ഞു.
