ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 50 ശതമാനം ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന്റെ പ്രധാന കാരണം റഷ്യൻ എണ്ണ ഇറക്കുമതി ആയിരുന്നില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാനുമായുള്ള സൈനിക വെടിനിർത്തലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ ന്യൂഡൽഹി എങ്ങനെ കൈകാര്യം ചെയ്തു എന്നതുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സൂറിച്ച് സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രഘുറാം രാജൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുതിർന്ന സാമ്പത്തിക വിദഗ്ധന്റെ പ്രഭാഷണ വീഡിയോ വൈറലാണ്. ട്രംപിന്റെ താത്പര്യങ്ങൾ അംഗീകരിക്കാത്തതാണ് തീരുവ ഉയർത്താൻ കാരണം. ഈമാസം നാലിനെടുത്ത വീഡിയോ ക്ലിപ്പ് കടുത്ത വിമർശനത്തിനു കാരണമായി. സത്യത്തെ വളച്ചൊടിക്കുകയും യുഎസ് നടപടികളെ ന്യായീകരിക്കാൻ ഇന്ത്യയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണങ്ങൾ.
രഘുറാം രാജൻ പറഞ്ഞത്
“റഷ്യൻ എണ്ണയായിരുന്നില്ല പ്രശ്നം… പ്രധാനകാരണം ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടതിന് ശേഷം ഇന്ത്യ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ്. എന്നാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ ട്രംപിനെ പുകഴ്ത്തി. ഇതെല്ലാം ട്രംപ് കാരണമാണെന്ന് പറഞ്ഞു. ട്രംപ് ഇല്ലാതെ തന്നെ ഇരു രാജ്യങ്ങളും ഒരു കരാറിലെത്തിയെന്ന് ഇന്ത്യ വാദിക്കാൻ ശ്രമിച്ചു. സത്യം അതിനിടയിലെവിടെയോ ആയിരിക്കാം. പക്ഷേ, അതിന്റെ ആകെ ഫലം ഇന്ത്യക്ക് 50 ശതമാനം താരിഫും പാക്കിസ്ഥാന് 19 ശതമാനവും എന്നതാണ്. ഇന്ത്യക്കും യുഎസിനും ഇടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. വൈകാതെ നാമെല്ലാവരും ന്യായമായ കരാറുകളിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു…’
ട്രംപിന്റെ അവകാശവാദവും ഇന്ത്യയുടെ നിലപാടും
പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ മൂർധന്യത്തിൽ, മേയ് 10ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. തന്റെ ഇടപെടലിലൂടെ യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ട്രംപ് വെടിനിർത്തലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ, പാക്കിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യയുമായി നേരിട്ടുള്ള ചർച്ചകൾക്കുശേഷമാണ് യുദ്ധസാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയതെന്ന് ഇന്ത്യ വാദിച്ചു. ആദ്യം പാക്കിസ്ഥാൻ ഈ അവകാശവാദം നിഷേധിച്ചെങ്കിലും, പിന്നീട് അത് അംഗീകരിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.
