അമ്പലപ്പുഴ: മത്സ്യക്ഷാമം മൂലം ക്രിസ്മസ് നാളിലും കടുത്ത ദുരിതം പേറി തീരദേശ ഗ്രാമങ്ങള്‍. പണി ഇല്ലാതായാതോടെ വള്ളവും വലയും കരയ്ക്കു കയറ്റി വിശ്രമത്തിലാണ് തൊഴിലാളികള്‍. കഴിഞ്ഞ ഒരാഴ്ചയായി കടല്‍ കരിഞ്ഞ അവസ്ഥയാണ്. തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങള്‍ കടലില്‍ പോയെങ്കിലും അധ്വാനം മാത്രം മിച്ചം. ഇന്ധനച്ചെലവിനുള്ള മീന്‍ പോലും കിട്ടിയില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു.
ഒരാള്‍ പണിയെടുക്കുന്ന പൊന്തു വലക്കാര്‍ക്കും അവസ്ഥ ഇതൊക്കെത്തന്നെയാണ്. ചിലര്‍ക്ക് വളര്‍ച്ചയെത്താത്ത പൊടിമത്തി ലഭിച്ചെങ്കിലും ആവശ്യക്കാരില്ലാത്തതു മൂലം കിട്ടുന്ന വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ്. മത്സ്യം കിട്ടാതായതോടെ തോട്ടപ്പള്ളിയടക്കം ജില്ലയിലെ ചന്തക്കടവുകളുടെപ്രവര്ത്തനവും നിലച്ചു.
ആളൊഴിഞ്ഞതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നില്ല. തോട്ടപ്പള്ളിയില്‍ മീനില്ലാതെ വന്നതോടെ ക്രിസ്മസ് വിപണി കീഴടക്കിയത് അന്യ സംസ്ഥാനത്തുനിന്നെത്തിച്ച മീനുകളാണ്. കേര അടക്കമുള്ള വലിയ മീനുകള്‍ കിലോയ്ക്ക് 400 രുപയ്ക്കാണ് വില്‍പ്പന നടത്തിയത്.
