കാരക്കാസ്: അമേരിക്കയ്ക്കു വഴങ്ങി വൻതോതിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് വെനസ്വേല. വ്യാഴാഴ്ച ഉന്നത പ്രതിപക്ഷ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവരെയാണു വിട്ടയച്ചത്. അമേരിക്കയുടെ അഭ്യർഥന മാനിച്ചാണ് വെനസ്വേലയുടെ നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസ് അഭിമുഖത്തിൽ വെനസ്വേല ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ട്രംപ് പ്രശംസിച്ചു. ഡെൽസി മികച്ച ഭരണാധികാരിയാണെന്നു പുകഴ്ത്തിയ ട്രംപ് , അമേരിക്ക ആവശ്യപ്പെട്ടതെല്ലാം അവർ നൽകിയെന്നും പറഞ്ഞു. രാഷ്ട്രീയ തടവുകാരിൽ ഭൂരിപക്ഷത്തെയും വിട്ടയയ്ക്കുമെന്ന് ഡെൽസി റോഡ്രിഗസിന്റെ സഹോദരനും വെനസ്വേല ദേശീയ അസംബ്ലി തലവനുമായ ജോർജ്ജ് റോഡ്രിഗസ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്കുള്ള വെനസ്വേലൻ സർക്കാരിന്റെ നടപടിയായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്രപേരെ ഇതുവരെ വിട്ടയച്ചുവെന്നത് വ്യക്തമല്ല.
മരിയ മച്ചാഡോയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ബിയാജിയോ പിലിയേരി, 2024ലെ പ്രസിഡന്റ് സ്ഥാനാർഥി എൻറിക് മാർക്വേസ് എന്നിവർ മോചിതരായവരിൽ ഉൾപ്പെടുന്നു. ഇരട്ട പൗരത്വമുള്ള സാൻ മിഗുവൽ ഉൾപ്പെടെ അഞ്ച് പൗരന്മാരെ വെനസ്വേല മോചിപ്പിച്ചതായും ഉടൻതന്നെ സ്പെയിനിലേക്ക് മടങ്ങുമെന്നും സ്പാനിഷ് സർക്കാർ അറിയിച്ചു. തടവുകാരെ വിട്ടയച്ച സർക്കാർ നടപടി ധാർമികത പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണെന്നു പ്രതിപക്ഷ നേതാവ് മച്ചാഡോ പറഞ്ഞു. അനീതി ശാശ്വതമായിരിക്കില്ല. സത്യത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ടെങ്കിലും, ഒടുവിൽ വിജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വെനസ്വേല രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചതിനാൽ രണ്ടാമത്തെ ആക്രമണ പരമ്പര താൻ റദ്ദാക്കിയതായി ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. “സമാധാനം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായി വെനസ്വേല വൻതോതിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ടതും ബുദ്ധിപരവുമായ നീക്കമാണ്.
യുഎസും വെനസ്വേലയും തമ്മിൽ മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്. ഈ സഹകരണം കാരണം, നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര റദ്ദാക്കി. പ്രധാന എണ്ണക്കമ്പനികൾ വെനസ്വേലയിൽ കുറഞ്ഞത് 100 ബില്യൺ ഡോളർ നിക്ഷേപിക്കും. ഇതിനായി കമ്പനി പ്രതിനിധികളുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും” ട്രംപ് പറഞ്ഞു.
