ദുബായിലെ ഇന്റർനാഷണൽ സ്കൂളുകളിൽ പഠനച്ചെലവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അമ്മയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രണ്ട് കുട്ടികളുടെ അമ്മയായ വെറോണിക്കയാണ് ദുബായിലെ ജെംസ് ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന മകളുടെ പഠനച്ചെലവുകൾ കൃത്യമായി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്.
മകളുടെ ഒരു വർഷത്തെ സ്കൂൾ ട്യൂഷൻ ഫീസിന് മാത്രം 55,000 യുഎഇ ദിർഹമാണ് (ഏകദേശം 14.34 ലക്ഷം രൂപ) ചെലവാകുന്നതെന്ന് വെറോണിക്ക പറയുന്നു. എന്നാൽ ഇവിടംകൊണ്ടൊന്നും ചെലവുകൾ തീരുന്നില്ല.
പ്രവേശനത്തിന് മുന്നോടിയായുള്ള അസസ്മെന്റിനായി 525 ദിർഹം (ഏകദേശം 13,000 രൂപ).വീട്ടുപടിക്കൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് തിരികെ കൊണ്ടുവരുന്ന ബസ് സർവീസിന് ഒരു വർഷത്തേക്ക് 12,000 ദിർഹം (ഏകദേശം 3.12 ലക്ഷം രൂപ). യൂണിഫോമിനായി മാത്രം 1,000 ദിർഹം (ഏകദേശം 26,000 രൂപ).
ഇതിനുപുറമേ രജിസ്ട്രേഷൻ, റീ-എൻറോൾമെന്റ്, കലാ-കായിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വേറെയും പണം നൽകണം. സ്കൂൾ ഫീസിൽ ഉച്ചഭക്ഷണം ഉൾപ്പെടാത്തതിനാൽ ദിനംപ്രതി വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കൊടുത്തുവിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോ പ്രചരിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ വൻ തുകയാകുന്ന വിദ്യാഭ്യാസ ചെലവിനെ ചൊല്ലി വലിയ ചർച്ചകളാണ് നടക്കുന്നത്. “ഒരു ചെറിയ കുട്ടിയുടെ സ്കൂൾ പഠനത്തിന് സർവ്വകലാശാലാ ഫീസിനേക്കാൾ കൂടുതൽ പണമാണ് ചെലവാകുന്നത്” എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അമേരിക്കയിലും യൂറോപ്പിലും ഇതിലും കുറഞ്ഞ ചെലവിൽ പഠിക്കാൻ സാധിക്കുമെന്നായിരുന്നു മറ്റു ചിലരുടെ കമന്റുകൾ.
എന്നാൽ ഈ ഉയർന്ന ചെലവിനെ ന്യായീകരിക്കുന്നവരുമുണ്ട്. “ഇത്തരം സ്കൂളുകൾ വെറും ജീവനക്കാരെയല്ല, ഭാവിയിലെ സംരംഭകരെയും ശാസ്ത്രജ്ഞരെയുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ ഇതൊരു മികച്ച നിക്ഷേപമാണ്” എന്ന് വേറൊരു വിഭാഗം ആളുകൾ കുറിച്ചു.
