യു. പ്രതിഭ… ഈ നിയമസഭയിലെ മഹാപ്രതിഭ ! ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ വിടുന്നതിനു പകരം സര്‍ക്കാര്‍ സ്‌കൂളില്‍ വിടണമെന്ന് യു. പ്രതിഭാ; എംഎല്‍എയുടെ അബദ്ധം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കായംകുളം എംഎല്‍എ യു. പ്രതിഭ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. പ്രതിഭയുടെ പല പ്രസ്ഥാവനകളും അല്ലറ ചില്ലറ കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ (കെവി) വിടുന്നതിനു പകരം ‘സര്‍ക്കാര്‍ സ്‌കൂളില്‍’ അയയ്ക്കണമെന്ന് പറഞ്ഞാണ് പ്രതിഭ തന്റെ ‘പ്രതിഭ’ തെളിയിച്ചത്.

സൈബര്‍ ‘സഖാക്കള്‍’ക്കെതിരെ ഫേസ്ബുക്കിലെഴുതി സ്വന്തം പാര്‍ട്ടിക്കാരുടെ ഉള്‍പ്പടെ പ്രതിഷേധം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതിഭയ്ക്ക് പുതിയ അബദ്ധം പിണഞ്ഞത്. കേന്ദ്രീയ വിദ്യാലയം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നു പോലും എംഎല്‍എയ്ക്ക് അറിയില്ലേ എന്നായിരുന്നു കമന്റുകളിലെ പരിഹാസം. സംഭവം വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേര്‍ത്ത് പോസ്റ്റ് പ്രതിഭ എംഎല്‍എ തിരുത്തിയിട്ടുണ്ട്. ബിന്ദു കൃഷ്ണയുടെ മകന്‍ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാന്‍ ആദ്യം തയാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമര്‍ശിക്കാനോ വിലയിരുത്താനോ നമ്മള്‍ക്കെന്ത് അവകാശം…ആദര്‍ശത്തിന്റെ ആവരണം വസ്ത്രം പോലെ എടുത്ത് അണിയേണ്ടവരല്ല നമ്മള്‍ പൊതുപ്രവര്‍ത്തകര്‍…എന്നും സര്‍ക്കാര്‍ സ്‌കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം.’-ഇങ്ങനെ പോകുന്ന പ്രതിഭയുടെ കുറിപ്പ്.

പോസ്റ്റിനൊപ്പമുള്ള സ്‌ക്രീന്‍ഷോട്ടില്‍ ‘കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇന്ന് തുറന്നു’ എന്ന ബിന്ദു കൃഷ്ണയുടെ കമന്റും വ്യക്തമായി കാണാം. കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദോഷമായ കമന്റ് ഇട്ടതിനു തന്റെ കുടുംബജീവിതം വരെ പരാമര്‍ശിച്ചു കമന്റ് ചെയ്തവരെ ‘സഖാവ്’ എന്ന് അഭിസംബോധന ചെയ്യാന്‍ അറയ്ക്കുന്നുവെന്ന യു.പ്രതിഭയുടെ പോസ്റ്റ് പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ വകുപ്പിന്റെ അനാസ്ഥയെക്കുറിച്ച് കമന്റ് ചെയ്തതാണ് അന്ന് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

‘ഒരു എംഎല്‍എ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. അസത്യം പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഒന്നുമില്ലെങ്കിലും അവരും ഒരമ്മയല്ലേ. ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് എന്തിനാണ്’ ഇങ്ങനെയായിരുന്നു ബിന്ദു കൃഷ്ണയുടെ ചോദ്യം. ഇവര്‍ക്ക് ഒരു പണി കൊടുക്കാന്‍ നോക്കിയിരുന്ന സൈബര്‍ സഖാക്കളും അവസരം മുതലെടുക്കുന്നുണ്ട്.

Related posts