ഹരിപ്പാട്: സ്വന്തം ഭാവി എന്താകുമെന്ന് ഒരു ഗാരന്റിയുമില്ലാത്ത കോൺഗ്രസിന് എങ്ങനെയാണ് കേരളത്തിന് അഞ്ച് ഗാരന്റികൾ നൽകാൻ കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഹരിപ്പാട് എസ് ആൻഡ് എസ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കേരളത്തിലെത്തിയാൽ നുണ നിർമാണ ഫാക്ടറികളായി മാറുകയാണ്. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. ഇവർ കേരളത്തിൽ അധികാരത്തിലേറിയാൽ അത് കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാകും. വിദ്യാഭ്യാസത്തിലെയും ആരോഗ്യത്തിലെയും മറ്റ് വികസനക്ഷേമ പ്രവർത്തനങ്ങളിലെയും കേരളത്തിന്റെ നേട്ടങ്ങൾ തകരും.
വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്ട്രീയം നടപ്പിലാക്കി പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും തെരുവിലേക്ക് എറിയുന്ന ഇവർക്ക്, കേരളത്തിലെ ഇടതുപക്ഷം പടുത്തുയർത്തിയ മതേതരത്വത്തിന്റെ മതിലുകൾ തകർക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സത്യപാലൻ അധ്യക്ഷനായി. അഡ്വ. ബി. രാജേന്ദ്രൻ പ്രസംഗം പരിഭാഷപ്പെടുത്തി. സ്ഥാനാർഥി ടി.ടി. ജിസ്മോൻ, എൽഡിഎഫ് നേതാക്കളായ സി.എസ്. സുജാത, ടി.കെ. ദേവകുമാർ, പി.വി. സത്യനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
