ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ ചെങ്ങന്നൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ 50.058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു.
മേഘാലയയിൽനിന്നാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാല് ട്രോളി ബാഗുകളിലും രണ്ടു ട്രാവൽ ബാഗുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം.രണ്ടുദിവസം മുൻപ് ഇതേ സ്ഥലത്തുനിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വൻ വേട്ട നടന്നത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവൻ്റീവ് ഓഫീസർമാരായ പി.ആർ. ബിനോയ്, എസ്.കെ. അശ്വിൻ, സിവിൽ ഓഫീസർമാരായ സിജു പി. ശശി, പ്രവീൺ, വിഷ്ണു വിജയൻ, വനിതാ ഓഫീസർമാരായ വിജയലക്ഷ്മി, ആശ, ആർപിഎഫ് ഇൻസ്പെക്ടർമാരായ വി.ടി. ദിലീപ്, എ.ജെ. ജിപിൻ എന്നിവരുടെ മേൽനോട്ടത്തിൽ ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, ജി. വിപിൻ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എസ്. ഷാജി, ശ്രീകുമാർ, ഉണ്ണിമായ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
