ആഡംബരകാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുണ്ട്; എന്നിരുന്നാലും റേഷന്‍കാര്‍ഡില്‍ ദാരിദ്ര്യരേഖയ്ക്കു താഴെത്തന്നെ; ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടിയ കോടിശ്വരന്മാരെക്കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി

കണ്ണൂര്‍: ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിതരണത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരുടെ തള്ളിക്കയറ്റം. സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പട്ടികയില്‍നിന്നു നേരത്തേ സ്വയം ഒഴിവായിരുന്നു. എന്നാല്‍, ഇനിയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്താനായി റേഷനിങ് ഇന്‍സ്പെകടര്‍മാര്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ചില വീടുകളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ആഡംബരങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ്.

ആഡംബര കാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുള്ളവര്‍ പോലും ഇത്തരത്തില്‍ പട്ടികയില്‍ കടന്നു കൂടിയുണ്ട്. എല്ലാ മുറികളിലും എ.സിയുള്ള വീട്ടുകാരും ഇക്കൂട്ടത്തിലുണ്ട്. അനര്‍ഹര്‍ ബി.പി.എല്‍. റേഷന്‍ വാങ്ങരുതെന്നു നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണു പരിശോധന. ഇതിനകം വാങ്ങിയ റേഷന്റെ പിഴയടക്കം ഈടാക്കി റേഷന്‍ കാര്‍ഡ് എ.പി.എല്‍. പൊതു വിഭാഗത്തിലേക്ക് മാറ്റാനാണ് നീക്കം.

തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിന് പരിധിയില്‍ ഉള്‍പ്പെടുന്ന പയ്യന്നൂരിലെ അന്നൂര്‍, തായിനേരി, കൊക്കാനിശേരി ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാനാണ് പദ്ധതി.

Related posts